jnu

 പരിക്കേറ്റ ജെ.എൻ.യു യൂണിയൻ പ്രസിഡന്റ് എയിംസിൽ

 നിരവധി വിദ്യാർത്ഥികൾക്കും അധ്യാപർക്കും പരിക്ക്

 അക്രമത്തിനു പിന്നിൽ എ.ബി.വി.പി ഗുണ്ടകളെന്ന് യൂണിയൻ

ന്യൂഡൽഹി: ഫീസ് വർദ്ധനയ്‌ക്കെതിരെ സമരം നടക്കുന്ന ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലാ കാമ്പസിൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തകരും എ.ബി.വി.പി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം നിരവധി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിക്കേറ്റു. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ഐഷിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എ.ബി.വി.പി പ്രവർത്തകർക്കൊപ്പം പുറത്തുനിന്നെത്തിയ ഗുണ്ടകളും ചേർന്നാണ് അക്രമം അഴിച്ചുവിട്ടതെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. അതേസമയം, അക്രമത്തിനു പിന്നിൽ ഇടതു സംഘടനകളാണെന്ന് എ.ബി.വി.പിയും പ്രസ്‌‌താവിച്ചു. ഹോസ്‌റ്റൽ ഫീസ് വർദ്ധനയ്ക്കെതിരെ ജെ.എൻ.യുവിൽ രണ്ടു മാസമായി തുടരുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അക്രമം.

ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് മുഖംമൂടി ധരിച്ച അമ്പതോളം പേരടങ്ങിയ സംഘം ലാത്തിയും ഹോക്കി സ്‌റ്റിക്കും ഇഷ്‌ടികകളുമായി സബർമതി ഹോസ്‌റ്റലിലേക്കു കയറി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആക്രമിച്ചത്. ഫീസ് വർദ്ധനയെച്ചൊല്ലി കഴിഞ്ഞ ദിവസം കാമ്പസിലുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് ജെ.എൻ.യു അധ്യാപക അസോസിയേഷന്റെ നേതൃത്വത്തിൽ കാമ്പസിൽ പൊതുയോഗം നടക്കുന്നതിനിടെയായിരുന്നു ഇന്നലത്തെ അക്രമം. അക്രമികൾ ഹോസ്‌റ്റലിന്റെ കണ്ണാടി വാതിലുകൾ അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിനു ശേഷം പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാർത്ഥികളെ ഒാടിച്ചിട്ട് മർദ്ദിച്ചു.

എ.ബി.വി.പി പ്രവർത്തകർക്കൊപ്പം പുറത്തു നിന്നുള്ള ആളുകളും സംഘത്തിലുണ്ടായിരുന്നതായി അദ്ധ്യാപകരും വിദ്യാർത്ഥി നേതാക്കളും പറയുന്നു. ഡൽഹി സർവകലാശാലാ യൂണിയൻ പ്രസിഡന്റും എ.ബി.വി.പി നേതാവുമായ സത്യേന്ദ്ര അവാനയെ സംഭവസ്ഥലത്ത് കണ്ടതായാണ് ജെ.എൻ.യു വിദ്യാർത്ഥി യൂണിയന്റെ ആരോപണം. എന്നാൽ മറ്റു സർവകലാശാലകളിൽ നിന്നുള്ള ഇടതു ഗുണ്ടകളാണ് ഇന്നലത്തെ അക്രമം നടത്തിയതെന്ന് എ.ബി.വി.പി ജെ.എൻ.യു ഘടകം പ്രതികരിച്ചു. തങ്ങളുടെ പതിനഞ്ചോളം പ്രവർത്തകർക്ക് പരിക്കേറ്റതായും അവർ അറിയിച്ചു.

ഫീസ് വർദ്ധനയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ കഴിഞ്ഞ വെള്ളിയാഴ്‌ച സർവ്വകലാശാലാ സെർവർ പ്രവർത്തന രഹിതമാക്കിയതായി അധികൃതർ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് സെമസ്‌റ്റർ രജിസ്ട്രേഷൻ അടക്കമുള്ള നടപടികൾ തടസപ്പെട്ടതിനെ ചൊല്ലിയായിരുന്നു ഇടത് വിദ്യാർത്ഥി നേതാക്കൾക്കു നേരെ ശനിയാഴ്‌ചയുണ്ടായ അക്രമം.