ദേശീയ തലസ്ഥാനമെന്ന വിശേഷണത്തിൽ ഹിന്ദി ബെൽറ്റിട്ട് മുറുക്കിയ ഡൽഹിയുടെ രാഷ്ട്രീയ മനസറിയാൻ വീണ്ടുമൊരു തിരഞ്ഞെടുപ്പെത്തുന്നു. മലയാളി മുതൽ കാശ്മീരി വരെയും മറാത്തി മുതൽ ബംഗാളിവരെയും നീളുന്ന ഇന്ത്യൻ വകഭേദങ്ങളുടെ ആകെത്തുകയായ ഡൽഹിക്കാരുടെ രാഷ്ട്രീയത്തിന്റെ മിശ്രസ്വഭാവം മൂലം തിരഞ്ഞെടുപ്പുകൾ പ്രവചനാതീതമാണ്. ഉള്ളിവിലയുടെ പേരിൽ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ട നാടാണിത്. 15 കൊല്ലം തുടർച്ചയായി ഭരിച്ച കോൺഗ്രസിനെ താഴെയിറക്കി കേജ്രിവാളെന്ന അരാഷ്ട്രീയക്കാരനെ ഭരണമേൽപ്പിച്ചും ഡൽഹി അദ്ഭുതപ്പെടുത്തി.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും വിഭിന്നമായി ദേശീയ തലസ്ഥാനമെന്ന പദവികൂടിയുള്ളതാണ് ഡൽഹി നിയസഭാ പോരാട്ടത്തെ വേറിട്ടതാക്കുന്നത്. സമ്പൂർണ സംസ്ഥാന പദവിയില്ലാത്ത ഡൽഹിയിൽ കേന്ദ്രവും സംസ്ഥാനവും രണ്ടു പാർട്ടികൾ ഭരിക്കുന്നത് നല്ലതാണോ എന്നതിന്റെ വിലയിരുത്തൽ കൂടിയാകും ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പ്.
കേജ്രിവാളിന്റെ രാമരാജ്യം
അഴിമതി വിരുദ്ധ സമരങ്ങളിലൂടെ ഉയർന്നു വന്ന് 2012ൽ മാത്രം രൂപീകൃതമായ ആംആദ്മി പാർട്ടി ഡൽഹിയിൽ ഭരണത്തിലേറിയത് പ്രവചനങ്ങൾ കാറ്റിൽപ്പറത്തിയാണ്. 2013 ഡിസംബറിൽ അഞ്ച് കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണയോടെ ന്യൂനപക്ഷ സർക്കാരുണ്ടാക്കിയ അരവിന്ദ് കേജ്രിവാളിന് 49 ദിവസങ്ങൾക്കു ശേഷം രാജിവയ്ക്കേണ്ടി വന്നു. തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത അഴിമതി വിരുദ്ധ ലോക്പാൽ ബില്ലിന് കോൺഗ്രസ് പിന്തുണ നൽകാതിരുന്ന സാഹചര്യത്തിൽ രാജിവച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട കേജ്രിവാൾ തിരിച്ചു വന്നത് 70ൽ 67 സീറ്റും സ്വന്തമാക്കി. ഭരണപരിചയമില്ലാത്ത, അരാഷ്ട്രീയവാദിയെന്ന് സ്വയം വിശേഷിപ്പിച്ച, കേജ്രിവാളിന്റെ സർക്കാർ എത്ര ദിവസം ഭരിക്കുമെന്നായിരുന്നു പിന്നീടുയർന്ന ചോദ്യം. കേന്ദ്ര സർക്കാരിന്റെ വിരട്ടുകൾക്കിടയിലും നന്നായി ഭരിച്ച് ഏവരെയും വിസ്മയിപ്പിച്ച് അഞ്ചു വർഷം പൂർത്തിയാക്കിയാണ് കേജ്രിവാൾ വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
സമ്പൂർണ സംസ്ഥാന പദവിയില്ലാത്ത ഡൽഹിയിൽ കേന്ദ്രസർക്കാർ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ അധികാരത്തെ ചൊല്ലി പലപ്പോഴും കൊമ്പുകോർത്തു. പൊലീസിന്റെ നിയന്ത്രണം ഇല്ലാത്ത, സ്വന്തം ബഡ്ജറ്റ് പാസാക്കാൻ കേന്ദ്രത്തിന് മുന്നിൽ യാചിക്കുന്ന ഡൽഹിയിലെ ഭരണം കേജ്രിവാളിന് സുഗമമല്ലായിരുന്നു. ഇതിനു പുറമെയാണ് പാളയത്തിലുയർന്ന പടലപ്പിണക്കങ്ങൾ. യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, മേധാപട്കർ, മായങ്ക് ഗാന്ധി, അഡ്മിറൽ രാംദാസ്, ആശിഷ് ഖേതാൻ, കുമാർ ബിശ്വാസ്, കിരൺ ബേഡി, അശുതോഷ് തുടങ്ങിയ സ്ഥാപക നേതാക്കൾ കേജ്രിവാൾ ഏകാധിപതിയെന്ന് ആരോപിച്ച് തുടക്കത്തിൽ തന്നെ വിട്ടു പോയി. ഇരട്ടപദവിയെചൊല്ലി 11 എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള നീക്കം കോടതിയുടെ കനിവിൽ ഒഴിവാക്കാനായത് നേട്ടമായി.
ബിജ്ലി, പാനി, മൊഹല്ലാ മന്ത്രം
രാഷ്ട്രീയ പാരമ്പര്യമില്ലാതിരുന്നിട്ടും അഞ്ചുവർഷങ്ങൾക്കിപ്പുറം ബി.ജെ.പിക്കും കോൺഗ്രസിനും ശക്തരായ എതിരാളികളായി വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയാണ് കേജ്രിവാളും ആംആദ്മി പാർട്ടിയും. അതിന് അവസരമൊരുക്കിയത് ഡൽഹിയിൽ നടപ്പാക്കിയ ക്ഷേമപദ്ധതികൾ. പതിവ് രാഷ്ട്രീയ രീതികളിൽ നിന്ന് വ്യതിചലിച്ച് സ്വന്തമായ പാത വെട്ടിത്തുറന്ന ഡൽഹിയിലെ കേജ്രിവാൾ പരിഷ്കാരങ്ങൾ പേരെടുത്തു. അസംഘടിത മേഖലയിലെ ജനവിഭാഗങ്ങളെ നേരിട്ടു ബാധിക്കുന്ന മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു അവ.
ആഭ്യന്തരം അടക്കം നിർണായ വകുപ്പുകളുടെ നിയന്ത്രണം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായ സംസ്ഥാനത്ത് തങ്ങൾക്കു ലഭിച്ച മേഖലകളിൽ കേജ്രിവാളും കൂട്ടരും മാറ്റങ്ങൾ നടപ്പാക്കി. 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയും സബ്സിഡി അനുവദിച്ചും ജലസ്രോതസുകൾ കുറഞ്ഞ ഡൽഹിയിലെ ഏറ്റവും വലിയ പ്രശ്നമായ കുടിവെള്ളം സൗജന്യമാക്കിയും എതിരാളികളെ ഞെട്ടിച്ചു.
രാജ്യത്ത് വിദ്യാഭ്യാസത്തിന് 35 ശതമാനം തുക ബഡ്ജറ്റിൽ മാറ്റിവച്ച ഒരേയൊരു സർക്കാരായിരിക്കും ഡൽഹിയിലേത്. കരിക്കുലം അഴിച്ചുപണിതു. സ്കൂളുകളുടെ മുഖച്ഛായ മാറ്റി. സർക്കാർ സ്കൂളുകൾ പ്രവർത്തിക്കുന്നത് സ്വകാര്യ സ്കൂളുകളെ അസൂയപ്പെടുത്തുന്ന ബഹുനിലക്കെട്ടിടങ്ങളിൽ. കാലത്ത് വന്ന് സ്കൂളിൽ നിന്ന് ചാടിപ്പോകുന്ന കുട്ടികളെ പിടിക്കാൻ ഗേറ്റിൽ ഗാർഡുമാർ. സുഖാനുഭവം, വ്യവസായ സംരംഭകത്വം തുടങ്ങിയ വിഷയങ്ങൾ പാഠാവലിയിൽ. പഠനനിലവാരമനുസരിച്ച് കുട്ടികളെ വേർതിരിച്ചുള്ള അദ്ധ്യയനം. അദ്ധ്യാപകർക്ക് മികച്ച രീതിയിൽ പരിശീലനം. സ്വകാര്യ സ്കൂളുകളിൽ നിന്ന് കുട്ടികളെ രക്ഷിതാക്കൾ സർക്കാർ സ്കൂളുകളിൽ ചേർക്കുന്നുണ്ട് ഡൽഹിയിൽ.
ബഡ്ജറ്റിൽ 14 ശതമാനം നീക്കിവച്ച ആരോഗ്യ രംഗമാണ് മറ്റൊരു പരിഷ്കാര മേഖല. പ്രാഥമിക ആരോഗ്യസംരക്ഷണ മേഖലയിൽ കേജ്രിവാൾ സർക്കാർ ആവിഷ്കരിച്ച മൊഹല്ല ക്ളിനിക്കുകൾ വൻ ഹിറ്റായി. ഒരു ഡോക്ടറും ഫാർമസിസ്റ്റും 200ഒാളം മെഡിക്കൽ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യങ്ങളുമുള്ള മൊഹല്ലാ ക്ളിനിക്കുകൾ കോളനികൾ തോറും സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രികളിലെ തിക്കും തിരക്കുമില്ലാതെ ഡോക്ടറെ കണ്ട് സൗജന്യമായി ലഭിക്കുന്ന മരുന്നും വാങ്ങി വീട്ടിൽ പോകാൻ സൗകര്യമൊരുക്കുന്ന മൊഹല്ലാ ക്ളിനിക്കുകൾ ആംആദ്മി പാർട്ടിക്ക് വോട്ടു നേടിക്കൊടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
വാശിയോടെ ബി.ജെ.പി
2014ൽ മോദി തരംഗത്തിൽ അധികാരമേറ്റ നരേന്ദ്രമോദി സർക്കാരിനും ബി.ജെ.പിക്കും വൻ തിരിച്ചടി നൽകിയാണ് ഡൽഹിയിൽ 2015 ഫെബ്രുവരിയിൽ കേജ്രിവാളിന്റെ നേതൃത്വത്തിൽ ആംആദ്മി വിജയിച്ചത്. കേജ്രിവാളിന്റെ അഴിമതിവിരുദ്ധ പോരാട്ടത്തിൽ ഒപ്പമുണ്ടായിരുന്ന മുൻ ഐ.പി.എസുകാരി കിരൺബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി നടത്തിയ തിരഞ്ഞെടുപ്പ് പോരാട്ടം ചീറ്റി. ബി.ജെ.പിക്ക് ജയിക്കാനായത് 70ൽ മൂന്നു സീറ്റു മാത്രം.
2015ലെ പരാജയത്തിന്റെ കയ്പുനീരു കടിച്ചമർത്തിയ ബി.ജെ.പി കണക്കു തീർക്കാനൊരുങ്ങുകയാണ്. അനധികൃത കോളനികൾക്ക് അംഗീകാരം നൽകി 45 ലക്ഷം കുടുംബങ്ങളെ സ്വാധീനിക്കാനുള്ള നിയമവുമായാണ് ബി.ജെ.പി വോട്ടു ചോദിക്കുക. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലും ജയിപ്പിച്ച വോട്ടമാർ നരേന്ദ്രമോദിയുടെ നേതൃത്വത്തെ അംഗീകരിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. മേയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവിധ അസംബ്ളി മണ്ഡലങ്ങളിൽ ആംആദ്മി പാർട്ടിയെയും കോൺഗ്രസിനെയും ബഹുദൂരം പിന്നിലാക്കാൻ കഴിഞ്ഞതും ബി.ജെ.പിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. അതേസമയം സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തീവാരി ഒഴികെ ശക്തനായ ഒരു നേതാവില്ലാത്തത് ബി.ജെ.പിയെ കുഴയ്ക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം മഹാരാഷ്ട്രയിലും ജാർഖണ്ഡിലുമൊക്കെ കാലിടറിയത് ഡൽഹിയിൽ ആവർത്തിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതിനാൽ 18 അടവും പയറ്റാനൊരുങ്ങി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ തന്നെ നേരിട്ട് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
തിരിച്ചുവരുമോ കോൺഗ്രസ് ?
ഡൽഹിയിലെ നല്ലകാലം ആലോചിച്ച് വെള്ളമിറക്കുന്ന കോൺഗ്രസ് തിരിച്ചുവരാൻ എല്ലാ വഴിയും നോക്കുന്നുണ്ട്. മെയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയെക്കാളും വോട്ടു നേടി രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത് പാർട്ടി നല്ല ലക്ഷണമായി കാണുന്നു. എന്നാൽ ഷീലാ ദീക്ഷിത് എന്ന നേതാവിന്റെ അഭാവം കോൺഗ്രസിനെ തെല്ലൊന്നുമല്ല അലട്ടുന്നത്.
ഒടുവിലത്തെ കക്ഷിനില
ആകെ സീറ്ര് - 70
ആം ആദ്മി - 67
ബി.ജെ.പി - 03
കോൺഗ്രസ് - 0