ന്യൂഡൽഹി: മുഖംമൂടി ധരിച്ച് മാരകായുധങ്ങളുമായി അക്രമികൾ ഇരുട്ടിന്റെ മറവിൽ അഴിഞ്ഞാടിയതിന്റെ അടുത്ത പകൽ ഡൽഹി ജവർഹർലാൽ നെഹറു യൂണിവേഴ്സിറ്റി പ്രതിഷേധത്തിൽ മുങ്ങി. ആനി രാജ അടക്കം ഇടത് നേതാക്കൾ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് മെയിൻ ഗേറ്റിൽ ധർണ നടത്തിയപ്പോൾ കാമ്പസിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ ആയിരത്തോളം പേർ മാർച്ച് നടത്തി.
ആക്രമണത്തിന് പിന്നാലെ ജെ.എൻ.യുവിൽ അതീവ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കാമ്പസിലേക്കുള്ള റോഡുകൾ ബാരിക്കേഡുകൾ വച്ച് അടച്ചു. കാമ്പസിൽ 700 പൊലീസുകാരെ വിന്യസിച്ചു. കൂടുതൽ അക്രമം നടന്ന സബർമതി ബ്ലോക്ക് അക്ഷരാർത്ഥർത്തിൽ യുദ്ധഭൂമി പോലെ കിടക്കുന്നു. ജനലുകളും വാതിലുകളും പൂർണമായും തകർത്തിരിക്കുന്നു.
ആക്രമണത്തിൽ പരിക്കേറ്റ് എയിംസിലുള്ള സർവകലാശാല യൂണിയൻ അദ്ധ്യക്ഷ ഐഷി ഘോഷ് അടക്കം മുപ്പത്തിയഞ്ചോളം വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഐഷി ഇന്നലെ ആശുപത്രിയിൽ നിന്ന് കാമ്പസിലെത്തി മാദ്ധ്യമങ്ങളെ കണ്ടു. എ.ബി.വി.പി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും തങ്ങൾക്ക് സുരക്ഷയൊരുക്കാൻ കഴിയാത്ത വി.സി. രാജി വയ്‌ക്കണമെന്നും ഐഷി ആവശ്യപ്പെട്ടു. ഇതിനിടെ സബർമതി ഹോസ്റ്റലിലെ വാർഡൻ രാജി വച്ചു.
ആക്രമണം ആസൂത്രിതം
ഇന്നലത്തെ ആക്രമണം ആസൂത്രിതമാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഇതിന് തെളിവായി നിരത്തുന്നത് അക്രമത്തിന് പ്രേരിപ്പിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങളാണ്. ഫ്രണ്ട്‌സ് ഒഫ് ആർ.എസ്.എസ്, യൂണിറ്റി എഗൻസ്റ്റ് ലെഫ്റ്റ് എന്നീ പേരുകളിലുള്ള ഗ്രൂപ്പുകളിലെ ചാറ്റുകളാണ് പ്രചരിക്കുന്നത്. ജെ.എൻ.യുവിലെ 'ദേശ വിരുദ്ധരെ' ഇല്ലാതാക്കണമെന്ന് സന്ദേശങ്ങളിലുണ്ട്. അക്രമികൾക്ക് ജെ.എൻ.യുവിൽ എത്താനുള്ള വഴികളും പറഞ്ഞു കൊടുക്കുന്നുണ്ട്. പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കണമെന്നും പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പുകളിലെ നമ്പരുകളിൽ ബന്ധപ്പെട്ടപ്പോൾ പലരും എ.ബി.വി.പി. പ്രവർത്തകരാണെന്ന് സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചർച്ചയ്ക്ക് ഗവർണർ
ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിലൂടെ ലെഫ്. ഗവർണർ അനിൽ ബൈജാലിനെ ബന്ധപ്പെട്ട് സർവകലാശാല പ്രതിനിധികളുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്താൻ ആവശ്യപ്പെട്ടു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. ആക്രമണവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നാല് പേർ കസ്റ്റഡിയിലായതായും വിവരങ്ങളുണ്ട്. ഇവർ പുറത്തുനിന്നുള്ളവരാണ്.
വി.സിക്കെതിരെ അദ്ധ്യാപകർ
സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കിൽ വൈസ് ചാൻസലർ രാജിവയ്ക്കണമെന്ന് അദ്ധ്യാപകർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അതിനിടെ രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം.