election

ന്യൂഡൽഹി: ത്രികോണ പോരാട്ടത്തിന് വേദിയാകുന്ന 70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി എട്ടിന് നടത്തും..ഫെബ്രവുരി 11നാണ് വോട്ടെണ്ണൽ.

പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2015 ഫെബ്രുവരിയിൽ അധികാരമേറ്റ അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്‌മി പാർട്ടി സർക്കാരിന്റെ കാലാവധി അടുത്ത മാസം 22ന് പൂർത്തിയാവും.2015ലെ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും തൂത്തുവാരിയാണ് ആംആദ്‌മി പാർട്ടി അധികാരമേറ്റത്. 3 സീറ്റ് മാത്രം ബി.ജെ.പിക്ക് ലഭിച്ചപ്പോൾ ,കോൺഗ്രസ് ഉൾപ്പെടെ മറ്റ് പാർട്ടികളെല്ലാം സംപൂജ്യരായി.

വൈദ്യുതിയും കുടിവെള്ളവും സൗജന്യമാക്കിയും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയും സാധാരണക്കാരുടെ കൈയടി വാങ്ങിയ അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്മി പാർട്ടിയും ഡൽഹിയിൽ ആധിപത്യം സ്ഥാപിക്കാൻ ബി.ജെ.പിയും പ്രതാപകാലം വീണ്ടെടുക്കാൻ കോൺഗ്രസും ഇറങ്ങുന്ന ത്രികോണ അങ്കത്തിനാണ് അരങ്ങൊരുങ്ങുന്നത്.

 തിരഞ്ഞെടുപ്പ് വിജ്‌ഞാപനം: ജനുവരി 14

 പത്രിക സമർപ്പണം: ജനുവരി 21വരെ

 സൂക്ഷ്‌മ പരിശോധന: ജനുവരി 22

 പത്രിക പിൻവലിക്കൽ: ജനുവരി 24വരെ

ആകെ വോട്ടർമാർ: 1.46 കോടി; വനിതകൾ:66.35 ലക്ഷം

 വോട്ടർപട്ടികയിൽ ഉൾപ്പെടാത്ത അർഹരായവർക്ക് ജനുവരി 21വരെ പേരു ചേർക്കാം

 കള്ളവോട്ട് തടയാൻ ക്യൂആർ കോഡ് പതിച്ച വോട്ടേഴ്സ് സ്ളിപ്പുകൾ.

 . നേരിൽ വന്ന് വോട്ടു ചെയ്യാൻ സാധിക്കാത്ത 80 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും പോസ്‌റ്റൽ ബാലറ്റ്

. മുതിർന്ന പൗരൻമാർക്ക് ബൂത്തിലെത്താൻ വാഹന സൗകര്യം. .