ന്യൂഡൽഹി: ഇക്കഴിഞ്ഞ തെക്കു പടിഞ്ഞാറൻ കാലവർഷത്തിനിടെ പ്രളയം, മണ്ണിച്ചിടിൽ, മേഘവർഷം എന്നിവ ദുരന്തം വിതച്ച ഏഴ് സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 5908.56 കോടി രൂപ സഹായം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ ഉന്നതതല സമിതി തീരുമാനിച്ചു. ഇക്കഴിഞ്ഞ മഴക്കാലത്തും പ്രളയദുരിതമനുഭവിച്ച കേരളത്തെ പരിഗണിച്ചില്ല. 2100 കോടി രൂപയുടെ സഹായമാണ് സംസ്ഥാനം കേന്ദ്ര സർക്കാരിൽ നിന്ന് തേടിയിരുന്നത്.
ആസമിന് 616.63 കോടി, ഹിമാചൽ പ്രദേശിന് 284.93 കോടി, കർണാടകയ്‌ക്ക് 1869.85 കോടി, മധ്യപ്രദേശിന് 1749.73 കോടി, മഹാരാഷ്‌ട്രയ്ക്ക് 956.93 കോടി, ത്രിപുരയ്‌ക്ക് 63.32 കോടി, ഉത്തർപ്രദേശിന് 367.17 കോടി രൂപ എന്ന തോതിലാണ് കേന്ദ്രം അനുവദിച്ചത്. കഴിഞ്ഞ യോഗത്തിലും മഹാരാഷ്‌ട്രയ്‌ക്ക് 600 കോടി രൂപയും കർണാടകയ്‌ക്ക് 1200 കോടി രൂപയും മധ്യപ്രദേശിന് 1000 കോടിരൂപയും ബീഹാറിന് 400 കോടി രൂപയും ഇടക്കാല ആശ്വാസമായി അനുവദിച്ചിരുന്നു. കേരളത്തിന്റെ അപേക്ഷ എന്നു പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.