delhi

ന്യൂഡൽഹി: കഴിഞ്ഞ രാത്രി ജെ.എൻ.യുവിൽ നടന്ന അക്രമസംഭവങ്ങളിൽ പ്രതിക്കൂട്ടിലായിരിക്കുന്നത് ഡൽഹി പൊലീസാണ്. മുൻവശ ഗേറ്റിലൂടെ മുദ്രാവാക്യം വിളിച്ച് മാരകായുധങ്ങളുമായെത്തിയ അക്രമികൾക്ക് പൊലീസ് കൂട്ടുനിന്നെന്നാണ് ആരോപണം.

ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസമായി ജെ.എൻ.യുവിൽ സമരം നടക്കുകയാണ്. അതിനാൽ പ്രധാന ഗേറ്റിലടക്കം സെക്യൂരിറ്റിമാരും പൊലീസും രാപകൽ നിലയുറപ്പിക്കുന്നുണ്ട്. തിരിച്ചറിയൽ കാർ‌‌ഡ് പരിശോധിച്ച് മാത്രം പ്രവേശനം അനുവദിക്കുന്ന ഗേറ്റിലൂടെയാണ് അക്രമികൾ കാമ്പസിൽ കടന്നത്. തുടർന്ന് ഒരു കിലോമീറ്ററോളം ഉള്ളിൽ സഞ്ചരിച്ച് അദ്ധ്യാപകരുടെ പ്രതിഷേധ സമ്മേളന സ്ഥലത്തും ഹോസ്റ്റലിലും വ്യാപക അക്രമം അഴിച്ച് വിട്ടിട്ടും പൊലീസ് ഇടപെട്ടില്ല.

വാഹനങ്ങൾ തല്ലിത്തകർത്തപ്പോഴും ആംബുലൻസ് വരെ തടഞ്ഞുവച്ചപ്പോഴും നേതാക്കളെ ആക്രമിച്ചപ്പോഴുമൊന്നും ഡൽഹി പൊലീസ് കാഴ്ചക്കാരായി നിന്നതേയുള്ളൂ.

നൂറോളം വരുന്ന ക്രിമിനലുകളെ ആയിരത്തോളം വരുന്ന പൊലീസ് സംഘത്തിന് നിഷ്പ്രയാസം അറസ്റ്റ് ചെയ്യാനാവുമായിരുന്നു. സ്ഥലത്തു വച്ചുതന്നെ ഇവരെ പിടികൂടാൻ ഡി.സി.പിയോടും കമ്മിഷഷണറോടും നേതാക്കളും അദ്ധ്യപകരുമൊക്കം അഭ്യർത്ഥിച്ചതാണ്. എന്നാൽ വിദ്യാർത്ഥികൾക്ക് നേരെയാണ് പൊലീസ് തിരിഞ്ഞതെന്ന് ദൃക്ഷാസാക്ഷികൾ പറയുന്നു. ഇത്രയേറെ പ്രതിഷേധങ്ങളുണ്ടായിട്ടും നാല് പേരെ മാത്രമാണ് കസ്റ്റഡിയിലെടുത്തത്.