ന്യൂഡൽഹി: കേന്ദ്രത്തിൽ രണ്ടാം വട്ടവും അധികാരത്തിലേറിയെങ്കിലും നഷ്‌ടസ്വപ്നമായി അവശേഷിക്കുന്ന ഡൽഹി സംസ്ഥാന ഭരണം സ്വന്തമാക്കാൻ ബി.ജെ.പിയും, ഗതകാല പ്രതാപം തിരിച്ചെടുക്കാൻ കോൺഗ്രസും , നിലനിൽപ്പിനായി ആംആദ്‌മി പാർട്ടിയും നടത്തുന്ന ജീവന്മരണ പോരാട്ടമാണ് ഡൽഹിയിൽ ഫെബ്രുവരി എട്ടിന് 70 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ്.
2014 മുതൽ ഡൽഹിയിലിരുന്ന് രാജ്യം ഭരിക്കുന്നെങ്കിലും മൂക്കിനു താഴെ നിയമസഭയിൽ മറ്റൊരു അധികാര കേന്ദ്രം വാഴുന്നതിന്റെ നീറ്റൽ ഈ തിരഞ്ഞെടുപ്പിൽ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് അമിത് ഷായും കൂട്ടരും ഇറങ്ങുന്നത്. ആംആദ്‌മി പാർട്ടി സൗജന്യങ്ങൾ പ്രഖ്യാപിച്ച് സാധാരണക്കാരെ കൈയിലെടുത്തപ്പോൾ, അനധികൃത കോളനികളെ അംഗീകരിക്കുന്ന നിയമം കൊണ്ടുവന്ന് അതേ നാണയത്തിൽ വോട്ടു തേടുകയാണ് ബി.ജെ.പി. ഇത് തന്നെയാണ് പാർട്ടിയുടെ തുറുപ്പു ചീട്ടും. വിഭജനത്തിന്റെ വേദന പേറുന്ന ഡൽഹിക്കാർ ദേശീയ പൗരത്വ നിയമത്തെ അംഗീകരിച്ച് വോട്ടു തരുമെന്നും അവർ കണക്കുകൂട്ടുന്നു. ദേശീയ രാഷ്‌ട്രീയത്തെ അടുത്തറിയുന്നതിനാൽ കാശ്‌മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയതും നേട്ടമാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 7 സീറ്റിലും നേടിയ വിജയവും ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്നു.
1993ൽ മദൻലാൽ ഖുരാനയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ആദ്യ സർക്കാരുണ്ടാക്കിയത് ബി.ജെ.പിയാണ്. ഉള്ളിവില വർദ്ധനയുടെ പേരിൽ ജനം കോൺഗ്രസിനെ 1998 ജയിപ്പിച്ചപ്പോൾ ബി.ജെ.പി മുഖ്യമന്ത്രി സുഷമാ സ്വരാജായിരുന്നു അധികാരത്തിൽ. അതിന് ശേഷം ഡൽഹി പിടിക്കാനായിട്ടില്ല. പിന്നീട് 15 വർഷക്കാലം കോൺഗ്രസ് ഷീലാ ദീക്ഷിതിന് കീഴിൽ തിരിഞ്ഞു നോക്കാതെ ഭരിച്ചു. മേൽപ്പാലങ്ങളും മെട്രോ റെയിലും അടക്കം വികസനങ്ങൾ കൊണ്ടുവന്ന് തലസ്ഥാന നഗരിയെ മാറ്റിമറിച്ചെങ്കിലും കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി ഷീലയെ വീഴ്‌ത്തി .2013 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലായിരുന്നു. കോൺഗ്രസ് പിന്തുണയോടെ അധികാരത്തിലേറിയ അരവിന്ദ് കേജ്‌രിവാളിന്റെ സർക്കാർ 49-ാം ദിവസം രാജിവച്ചു. തുടർന്ന് ഒരു വർഷത്തോളം നീണ്ട രാഷ്‌ട്രപതി ഭരണത്തിനു ശേഷം 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ കേജ്‌രിവാൾ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരമേറ്റു (70ൽ 67). വൈദ്യുതിയും കുടിവെള്ളവും സൗജന്യമാക്കിയും ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും സമഗ്രമായ പരിഷ്‌കാരങ്ങൾ നടപ്പാക്കിയും ഭരണവിരുദ്ധ തരംഗം കുറയ്‌ക്കാൻ അരവിന്ദ് കേജ്‌രിവാൾ ശ്രമിച്ചിട്ടുണ്ട്. ഇതൊക്കെ ഡൽഹിയിലെ ജനങ്ങൾ ഉൾക്കൊണ്ടോ എന്നതിന്റെ ഉത്തരമാകും ഫെബ്രുവരി 11ന് ലഭിക്കുക.