thanks-anki
മണ്ഡലപൂജക്കായി അയ്യപ്പന് അനീക്കാനുള്ള തങ്കഅങ്കി അടങ്ങിയ പേടകം ശബരിമല സന്നിധാനത്ത് എത്തിയപ്പോൾ

ന്യൂഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ ഒൻപതംഗ ഭരണഘടനാ ബെഞ്ച് 13 മുതൽ വാദം കേൾക്കും. ജ‌ഡ്ജിമാരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ അവസാന പട്ടിക രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടാകും. തുറന്ന കോടതിയിൽ വാദം കേൾക്കാനാണ് സാദ്ധ്യത.

ഭരണഘടന യുവതികൾക്ക് നൽകുന്ന അവകാശം ശബരിമലയിൽ ലംഘിക്കുന്നുണ്ടോ എന്നതാകും പ്രധാനമായും പരിശോധിക്കുക. മുസ്ളിം പള്ളികളിൽ സ്ത്രീ പ്രവേശനം, പാഴ്സി ദേവാലയങ്ങളിൽ സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം എന്നിവയും ഒൻപതംഗ ബെഞ്ചിന്റെ പരിഗണനയിൽ വന്നേക്കും. അതേസമയം, 13ന് പരിഗണിക്കാൻ ഇന്നലെ ലിസ്റ്റ് ചെയ്തതിൽ ശബരിമല കേസ് മാത്രമേ പേരെടുത്ത് പറയുന്നുള്ളൂ.

യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെതിരെ അറുപതോളം പുനഃപരിശോധനാ ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്. ചീഫ് ജസ്റ്റിസ് വിരമിക്കുന്ന 2021 ഏപ്രിൽ 23ന് മുമ്പായി അന്തിമ വിധി ഉണ്ടാകുമെന്നാണ് കരുതുന്നത്.

കേസിൽ നിലവിൽ ഫയൽ ചെയ്തിട്ടുള്ള പേപ്പർ ബുക്കിന്റെ നാല് സെറ്റ് കൂടി കൈമാറാൻ നിർദ്ദേശിച്ച് സുപ്രീംകോടതി അസിസ്റ്റന്റ് രജിസ്ട്രാർ എല്ലാ കക്ഷികൾക്കും കഴിഞ്ഞ ആഴ്ച കത്ത് നൽകിയിരുന്നു. നേരത്തേ അഞ്ചംഗ ബെഞ്ചിന് ആറ് പേപ്പർ ബുക്കുകളാണ് സമർപ്പിച്ചിരുന്നത്. വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിൽ നാല് സെറ്റ് കൂടി ആവശ്യപ്പെടുകയായിരുന്നു.

ശബരിമലയിൽ

പരിഗണിക്കുന്നത്

1. യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബർ 28ന് പുറപ്പെടുവിച്ച വിധിക്കെതിരായ ഹർജികൾ

2. യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യംഗ് ലായേഴ്‌സ് അസോസിയേഷൻ 2006ൽ നൽകിയ ഹർജി

3. വിധി നടപ്പാക്കുന്നതിന് സാവകാശം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ അപേക്ഷ

നവംബറിലെ വിധി

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കഴിഞ്ഞ നവംബറിലാണ് സമാന സ്വഭാവമുള്ള ശബരിമല കേസും മുസ്ളിം, പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവും ദാവൂദി ബോറ കേസും ഒരുമിച്ച് വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് വിധിച്ചത്. 3:2 എന്ന ഭൂരിപക്ഷത്തിലായിരുന്നു വിധി.