ന്യൂഡൽഹി: സുപ്രീംകോടതിയിൽ നൽകിയ ഹർജി കെട്ടിക്കിടക്കുന്നുവെന്നതിന്റെ പേരിൽ മറ്റു രാജ്യത്തെ കോടതികളിലെ കേസ് നടപടികളിൽനിന്നു രക്ഷപ്പെടാൻ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ആകില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയിലെ തന്റെ ഹർജി വൈകുന്നത് ചൂണ്ടിക്കാട്ടി യു.കെയിലെ കോടതി വിധി പുറപ്പെടുവിക്കുന്നത് തടയാൻ മല്യ ശ്രമിക്കുന്നുവെന്ന് കേന്ദ്രസർക്കാർ അറിയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സർക്കാരിന് വേണ്ടി മല്യയുടെ കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകൾ പിടിച്ചെടുക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂൺ 27നാണ് മല്യ സുപ്രീംകോടതിയെ സമീപിച്ചത്. 9000 കോടി രൂപയുടെ കടത്തെത്തുടർന്നു രാജ്യം വിട്ട മല്യയെ തിരിച്ചെത്തിക്കാനുള്ള വിചാരണ യു.കെയിൽ നടക്കുകയാണ്.