ന്യൂഡൽഹി: ''ഞങ്ങൾ ജോലിയെടുത്തെന്ന് നിങ്ങൾക്ക് ബോധ്യമുണ്ടെങ്കിൽ മാത്രം ആംആദ്‌മി പാർട്ടിക്ക് വോട്ടു ചെയ്യുക''. പറയുന്നത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.തിരഞ്ഞെടുപ്പ് കമ്മിഷൻ ഫെബ്രുവരി 8ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വാർത്താസമ്മേളനത്തിലാണ് കേജ്‌രിവാൾ മനസു തുറന്നത്. സർക്കാർ നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കും. ആശുപത്രികൾ, സ്കൂളുകൾ എന്നിവ മെച്ചപ്പെടുത്തിയത് പ്രത്യേകിച്ച് ആരെയും ലക്ഷ്യമിട്ടല്ല. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ആംആദ്‌മി സർക്കാരിനെ കുറ്റപ്പെടുത്തിയതിന് അടിസ്ഥാനമില്ല. ബി.ജെ.പിയുടെ മാതൃകയിൽ ആംആദ്‌മിയും ഗൃഹസമ്പർക്ക പരിപാടി നടത്തുമെന്നും പ്രകടന പത്രികയിലേക്ക് ജനങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ കീർത്തി
ആസാദ് നയിക്കും
ബി.ജെ.പി വിട്ടു വന്ന കീർത്തി ആസാദാണ് ഡൽഹി പോരാട്ടത്തിൽ കോൺഗ്രസിനെ നയിക്കുകയെന്ന് സൂചനയുണ്ട്. ഷീലാ ദീക്ഷിതിന് കീഴിൽ കോൺഗ്രസ് ഡൽഹിയിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ പ്രചാരണത്തിൽ ഉയർത്തിക്കാട്ടുമെന്ന് .കോൺഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷനായ കീർത്തി ആസാദ് പറഞ്ഞു ആംആദ്‌മി സർക്കാർ ഒന്നും ചെയ്‌തില്ലെന്ന് അതിൽ നിന്ന് ജനങ്ങൾക്ക് വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബീഹാറിൽ നിന്നുള്ള ലോക്‌സഭാംഗമായ കീർത്തി ആസാദിനെ അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജയ്‌റ്റ്‌ലിക്കെതിരായ പരാമർശത്തിന്റെ പേരിൽ ബി.ജെ.പി പുറത്താക്കിയിരുന്നു.