ന്യൂഡൽഹി: കേരളത്തിലെ 78 ഇ.എസ്.ഐ ഡിസ്‌പെൻസറികളിൽ ഒന്നിലധികം ഡോക്‌ടർമാരെ നിയമിച്ച് പ്രവൃത്തി സമയം വർദ്ധിപ്പിക്കാൻ ഡൽഹിയിൽ ചേർന്ന ഇ.എസ്.ഐ കോർപറേഷൻ യോഗം തീരുമാനിച്ചു. നിലവിൽ രാവിലെ എട്ടുമുതൽ ഉച്ചയ്‌ക്ക് ഒരുമണി വരെയാണ് പ്രവൃത്തി സമയം. ഇത് വൈകിട്ട് ആറുമണിവരെയാക്കും.
ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഇ.എസ്.ഐ ബോർഡ് അംഗം വി. രാധാകൃഷ്‌ണൻ പറഞ്ഞു. രണ്ടിൽ കൂടുതൽ ഡോക്‌ടർമാരുള്ള ഡിസ്‌പെൻസറികളിൽ നിന്നുള്ളവരെ പുനർവിന്യസിക്കും. ഇ.എസ്.ഐ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും. സ്വകാര്യ ആശുപത്രികളുമായി ചേർന്നുള്ള എംപാനൽമെന്റ് രീതി ഘട്ടംഘട്ടമായി ഒഴിവാക്കും. ഈ സൗകര്യം സൂപ്പർസ്‌പെഷ്യാലിറ്റി ചികിത്സയ്ക്കു മാത്രമായി ചുരുക്കും. ഇ.എസ്.ഐ ചികിത്സകൾക്കുള്ള ബിൽ കുടിശ്ശിക, റീഇംബേഴ്സ്‌മെന്റ് തുക എന്നിവ വേഗത്തിൽ നൽകും. ഇ.എസ്.ഐ മാർഗനിർദ്ദേശങ്ങൾ പൂർണമായി നടപ്പാക്കാനും തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി.