nirbhaya-
Nirbhaya

ന്യൂഡൽഹി:രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടമാനഭംഗക്കേസിലെ നാല് പ്രതികൾക്കും മരണവാറൻറ് പുറപ്പെടുവിച്ച പാട്യാല കോടതി ഈ മാസം രാവിലെ 7 മണിക്ക് പ്രതികളെ തീഹാർ ജയിലിൽ തൂക്കിലേറ്റാൻ വിധിച്ചു. അഡീഷണൽ സെഷൻസ് ജഡ്‌ജി സതീഷ് അറോറയാണ് വിധി പുറപ്പെടുവിച്ചത്.

പ്രതികളായ മുകേഷ് (29), വിനയ് ശർമ്മ (23), അക്ഷയ് കുമാർ സിംഗ് (31), പവൻ ഗുപ്ത (22) എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. കൊടുംക്രൂരവും വന്യവും പൈശാചികവുമായ രീതിയിൽ നടത്തിയ കുറ്റകൃത്യം സമൂഹ മനഃസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി .നിർഭയ കേസിലെ പ്രതികളുടെ ശിക്ഷ വേഗത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിർഭയയുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് വിധി പ്രഖ്യാപിച്ചത്. ഏഴ് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധിയെത്തിയിരിക്കുന്നത്.

നാല് പ്രതികളെയും ഒരേസമയം തൂക്കിലേറ്റാനുള്ള ഒരുക്കങ്ങൾ തിഹാർ ജയിലിൽ പൂർത്തിയായെന്നാണ് റിപ്പോർട്ട്.

ഡിസംബർ13നാണ് കേസ് അവസാനം പരിഗണിച്ചത്. അന്ന് പ്രതികൾക്ക് തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ സമയം അനുവദിച്ചിരുന്നു. എന്നാൽ ഇത് വരെ അത്തരത്തിലൊന്നും സമർപ്പിച്ചിട്ടില്ല. വധശിക്ഷക്കെതിരെ തിരുത്തൽ ഹർജി നൽകുമെന്ന് രണ്ട് പ്രതികൾ അറിയിച്ചതായി അമിക്കസ്‌ ക്യൂറി പട്യാല ഹൗസ് കോടതിയിൽ ഇന്നലെ അറിയിച്ചിരുന്നു. പ്രതികളായ വിനയ് ശർമ്മ, മുകേഷ് എന്നിവരാണ് തിരുത്തൽ ഹർജി നൽകാനൊരുങ്ങുന്നതെന്നും അമിക്കസ്‌ക്യൂറി അറിയിച്ചു. ഇതൊന്നും കോടതി പരിഗണിച്ചില്ല. വാദത്തിന് ശേഷം ജഡ്‌ജി തീഹാറിൽ കഴിയുന്ന പ്രതികളുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു.അതിന് ശേഷമാണ് വിധി പ്രഖ്യാപിച്ചത്.

2012 ഡിസംബർ 16ന് രാത്രിയിൽ, മുനീർക്കയിൽ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീർ എൻക്ലേവിലേക്കു ബസിൽ പോയ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയാണു കൊടുംക്രൂരതയ്ക്ക് ഇരയായത്. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. ഡിസംബർ 29ന് അവിടെ മരണത്തിനു കീഴടങ്ങി. ഒന്നാംപ്രതി റാം സിംഗ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കിയതിനാൽ കേസിൽ നിന്ന് ഒഴിവാക്കി. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ നിയമം അനുസരിച്ച് മൂന്നു വർഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇയാൾ ശിക്ഷാകാലാവധി കഴിഞ്ഞു പുറത്തിറങ്ങി.