sabarimala

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കേണ്ട സുപ്രീംകോടതിയുടെ 9 അംഗ വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. മുൻപ് വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്ന ജസ്‌റ്റിസുമാരായ ജസ്‌റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ആർ.എഫ്.നരിമാൻ, ജസ്‌റ്റിസ് ഇന്ദുമൽഹോത്ര എന്നിവർ പുതിയ ബെഞ്ചിൽ ഇല്ല. ജനുവരി 13ന് രാവിലെ 10.30നാണ് കേസ് വാദം കേൾക്കുക.

ചീഫ് ജസ്‌റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനും ജസ്‌റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ, എൽ. നാഗേശ്വര റാവു, എം. ശാന്തനഗൗഡർ, എസ്. അബ്‌ദുൾ നസീർ, ആർ. സുബാഷ് റെഡ്ഡി, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവർ അംഗങ്ങളുമായാണ് ബെഞ്ച് രൂപീകരിച്ചത്.

പുനഃപരിശോധനാ ഹർജി പരിഗണിച്ച് വിഷയം വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ള വിധിയിൽ യുവതി പ്രവേശനത്തെ അനുകൂലിച്ച് ന്യൂനപക്ഷ വിധി പറഞ്ഞവരാണ് ജസ്‌റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ആർ.എഫ്. നരിമാനും. അതേസമയം ആദ്യ വിധി മുതൽ യുവതീ പ്രവേശനത്തെ എതിർത്തയാളാണ് ജസ്‌റ്റിസ് ഇന്ദുമൽഹോത്ര.

മുസ്ലിം പള്ളികളിലെ സ്‌ത്രീ പ്രവേശനം, പാഴ്‌സി ദേവാലയങ്ങളിൽ സ്‌ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളും ബെഞ്ച് പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ശബരിമല വിധിയെ ചോദ്യം ചെയ്‌ത് സമർപ്പിച്ച 61 ഹർജികൾ പരിഗണിക്കുമെന്നാണ് സുപ്രീംകോടതി രജിസ്ട്രി പുറത്തുവിട്ട ഉത്തരവിലുള്ളത്.