nirbhaya

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ പ്രതികൾക്ക് പാട്ട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതോടെ തിഹാർ ജയിലിൽ വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് നാല് പ്രതികളെ ഒരുമിച്ച് തൂക്കിക്കൊല്ലുന്നത്. അതിനാൽ തന്നെ വലിയ തൂക്കുമരത്തട്ട് ആവശ്യമാണ്. ഒരൂ മാസം മുൻപ് തന്നെ ജയിലിൽ തൂക്കുമരത്തട്ട് പുനർനിർമ്മിച്ചിരുന്നു. തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ജയിൽ വളപ്പിൽ ജെ.സി.ബി എത്തിച്ച് പണികൾ നടത്തിയിരുന്നു. ഈ തുരങ്കത്തിലൂടെയാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറുന്നത്. തൂക്കിലേറ്റുന്നതിന് മുന്നോടിയായി ഡമ്മികളെ ഉപയോഗിക്കുച്ചുള്ള പരിശോധന ഉടൻ നടത്തുമെന്ന് ജയിൽ അധികൃതർ അറിയിച്ചു.

ബക്സസറിൽ നിന്ന് തൂക്ക് കയറെത്തി

രാജ്യത്തെ എല്ലാ ജയിലുകൾക്കും തൂക്കുകയർ നിർമിച്ചുനൽകുന്നത് ബക്സർ ജയിലിൽ നിന്നാണ്. പുതിയ തൂക്കുകയർ ബക്സർ ജയിലിൽ നിന്ന് എത്തിക്കഴിഞ്ഞു. അഞ്ചോ ആറോ പേർ മൂന്നു ദിവസത്തെ സമയമെടുത്താണ് ഒരു കയർ നിർമിക്കുന്നത്. ഇതിനായി ജയിലിൽ പ്രത്യേക പരിശീലനം ലഭിച്ച തടവുകാർ ഉണ്ട്. തൂക്കിലേറ്റാൻ വിധിക്കുന്ന പ്രതിയുടെ ഉയരത്തിന്റെ 1.6 മീറ്റർ മടങ്ങ് നീളമുള്ള കയറാണ് വേണ്ടത്. തിഹാറിലേക്കായി അവസാനം ബക്സിൽ നിന്ന് തൂക്ക് കയറെത്തിയത് 2013ൽ പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽഗുരുവിനെ തൂക്കിലേറ്റുന്നതിനായാണ്.

ആരാച്ചാർ പവൻ ജലാദ് റെഡി !

ഉത്തർപ്രദേശിലെ ഏക ആരാച്ചാർ പവൻ ജലാദിനെ (59) തിഹാറിലെത്തിക്കണമെന്ന് നേരത്തെ ഡൽഹി പൊലീസ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. പവൻ അടുത്ത ദിവസം തന്നെ തിഹാറിൽ എത്തും. നിർഭയയെ പോലുള്ള മകൾ എനിക്കും ഉണ്ട്. കേസിലെ പ്രതികൾ ദയ അർഹിക്കുന്നില്ല. സന്തോഷത്തോടെ ജോലി നിർവഹിക്കും.' പവൻ ജലാദ് പറഞ്ഞു. പവന്റെ അച്ഛനും മുത്തച്ഛനും ആരാച്ചാർ ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിയത് മുത്തച്ഛൻ കാലു ആയിരുന്നു. അച്ഛനും മുത്തച്ഛനും ഒപ്പം സഹായിയായും പവൻ പ്രവർത്തിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പ് നിഥാരി കൊലക്കേസിലെ പ്രതി സുരേന്ദ്ര കോലിയെ തൂക്കിലേറ്റാൻ പവൻ നിയോഗിക്കപ്പെട്ടെങ്കിലും അവസാന നിമിഷം വധശിക്ഷ പിൻവലിച്ചു.