sc

ന്യൂഡൽഹി: ബീഹാർ മുസഫർപുരിലെ അഭയകേന്ദ്രത്തിൽ കൊല്ലപ്പെട്ടെന്ന് സംശയിച്ചിരുന്ന 35 പെൺകുട്ടികളും ജീവിച്ചിരിപ്പുണ്ടെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണത്തിൽ നേരത്തെ കണ്ടെടുത്ത അസ്ഥികൂടങ്ങൾ പെൺകുട്ടികളുടേതല്ലെന്നും മുതിർന്നവരുടേതാണെന്നും സി.ബി.ഐക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഉൾപ്പെട്ട ബെഞ്ചിനെ അറിയിച്ചു.

മുസഫർപുരിലെ സർക്കാർ അഭയകേന്ദ്രത്തിലെ പെൺകുട്ടികൾ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന വിവരം രണ്ടുവർഷം മുമ്പാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെ പെൺകുട്ടികൾ കൊല്ലപ്പെട്ടതായും സംശയമുയർന്നു. പിന്നീട് സി.ബി.ഐ കേസ് ഏറ്റെടുത്തതിന് ശേഷവും പെൺകുട്ടികളെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു കണ്ടെത്തൽ. സ്ഥാപനത്തിന്റെ മേധാവി ബ്രജേഷ് ഠാക്കൂർ ഉൾപ്പെടെയുള്ള 21 പേരാണ് കേസിലെ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട കേസിന്റെ കുറ്റപത്രം ഇന്നലെയാണ് സി.ബി.ഐ സമർപ്പിച്ചത്. കൊല്ലപ്പെട്ടെന്ന് കരുതിയിരുന്ന കുട്ടികളെയെല്ലാം പിന്നീട് ജീവനോടെ കണ്ടെത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.

മുസാഫർപുരിനൊപ്പം ബീഹാറിലെ ആകെ 17 അഭയകേന്ദ്രങ്ങളെക്കുറിച്ചാണ് സി.ബി.ഐ അന്വേഷണം നടത്തിയത്. ഇതിൽ 13 എണ്ണത്തിൽ കുറ്റപത്രം നൽകി. പ്രാഥമികാന്വേഷണത്തിൽ തന്നെ കഴമ്പില്ലെന്ന് കണ്ടെത്തിയതിനാൽ നാല് കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചതായും സി.ബി.ഐ കോടതിയെ അറിയിച്ചു.

കഴിഞ്ഞ വർഷം കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അഭയകേന്ദ്രത്തിൽനിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ഇത് കുട്ടികളുടേതാകാമെന്നും കേസിലെ മുഖ്യപ്രതിയായ ബ്രജേഷ് ഠാക്കൂർ 11 പെൺകുട്ടികളെ കൊലപ്പെടുത്തിയതായി കരുതുന്നുണ്ടെന്നും സി.ബി.ഐ കഴിഞ്ഞവർഷം സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു.