ന്യൂഡൽഹി: കഴിഞ്ഞ അഞ്ചിന് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന ക്രൂര ആക്രണമത്തിനിരയായ വിദ്യാർത്ഥി യൂണിയൻ അദ്ധ്യക്ഷ ഐഷി ഘോഷ് എ.ബി.വി.പിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസിൽ പരാതി നൽകി. കരുതിക്കൂട്ടി കൊലപ്പെടുത്താനുള്ള ഗുഢാലോചനയാണെന്നും അതിന്റെ ഭാഗമായി ഗുണ്ടാ ആക്രമണമുണ്ടായെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. രാത്രി നടന്ന മുഖംമൂടി ആക്രമണത്തിൽ ഇരുമ്പുവടികൊണ്ട് തലയ്ക്ക് അടിയേറ്റ ഐഷിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ എഫ്.ഐ.ആർ ഇട്ടതൊഴിച്ചാൽ ഇതുവരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവ ദിവസം സർവകലാശാലയുടെയും പരിസര പ്രദേശങ്ങളുടെയും പരിധിയിൽ വന്ന പതിനായിരത്തോളം മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും നിർണ്ണായകമായ ഒരു വിവരവും ലഭിച്ചിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ ദൃശ്യങ്ങളോ, വിവരങ്ങളോ ലഭിച്ചിട്ടുള്ളവർ അറിയിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് പത്രപരസ്യം നൽകിയിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹിന്ദു രക്ഷാദൾ നേതാവ് പിങ്കി ചൗധരിയെ 24 കഴിഞ്ഞിട്ടും കസ്റ്റഡിയിലെടുത്തിട്ടില്ല.
അതിനിടെ, കനിമൊഴി എം. പി ജെ.എൻ.യുവിലെത്തി, ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥികളെ കണ്ട് കനിമൊഴി പിന്തുണ അറിയിച്ചു. കോൺഗ്രസ് വസ്തുത അന്വേഷണ സമിതി സർവകലാശാല ഡീനുമായി കൂടിക്കാഴ്ച നടത്തി.
വി.സി. നേരിട്ട് ഹാജരാകണം
ജെ.എൻ.യുവിൽ നടന്ന ആക്രമണത്തിൽ വൈസ് ചാൻസിലർ ജഗദീഷ് കുമാറിന്റെ വീഴ്ചയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ വി.സിയെ നേരിട്ട് വിളിച്ചുവരുത്തി നിർദേശിച്ചു. സംഭവത്തിൽ അതൃപ്തി പ്രകടമാക്കിയതിന് പിന്നാലെ വി.സിയോട് നേരിട്ട് ഹാജരാകാൻ മാനവ വിഭവ ശേഷി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കാമ്പസിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് വൈസ് ചാൻസിലർ എം. ജഗദേഷ് കുമാറിന്റെ ശ്രമം. താൽപര്യമുള്ളവർക്ക് ശൈത്യകാല സെമസ്റ്റർ രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കുമെന്ന് വി.സി. അറിയിച്ചു.