ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി യൂണിയന് പിന്തുണയുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ ജെ.എൻ.യു സന്ദർശനത്തിനെതിരെ വ്യാപകപ്രതിഷേധവുമായി ബി.ജെ.പി നേതാക്കൾ.റി ലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പ്രചാരണത്തിനായാണ് ദീപിക ജെ.എൻ.യുവിൽ എത്തിയതെന്നാണ് ഇവരുടെ ആരോപണം. ദീപിക ദേശവിരുദ്ധർക്കൊപ്പമാണെന്ന് മദ്ധ്യപ്രദേശ് ബി.ജെ.പി എം.എൽ.എ രമേശ്വർശർമ പറഞ്ഞു.
ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ആർക്കും, ഏത് കലാകാരനും എവിടെ പോകാനും അവരുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനും അവസരമുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേദ്കർ പ്രതികരിച്ചു.
ബി.ജെ.പിയ്‌ക്കെതിരെ കോൺഗ്രസും ആഞ്ഞടിച്ചു. 'ഇത്രേയുള്ളൂ നമ്മുടെ സർക്കാർ. ഒരു നടി പ്രതിഷേധത്തെ പിന്തുണയ്ക്കുകയാണെങ്കിൽ അവർക്കെതിരെ ട്വീറ്റ് ചെയ്യുന്ന, സോഷ്യൽ മീഡിയയിലൂടെ പ്രചാരണങ്ങൾ നടത്തുന്ന, സിനിമകൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന, അവരുടെ പ്രതിഷേധത്തെ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കാണുന്ന നിലയിലേക്ക് സർക്കാർ അധഃപതിച്ചോ? അവർ എങ്ങോട്ടാണ് പോകേണ്ടത് നാഗ്പൂരിലെ സംഘ് മുഖ്യാലയയിലേക്കോ (ആർ.എസ്.എസ്. ആസ്ഥാനം)?' -
കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു.കഴിഞ്ഞ ദിവസം ജെ.എൻ.യു കാമ്പസിൽ സമരക്കാരെ കാണാനെത്തിയ ദീപിക വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്, മുൻ പ്രസിഡന്റും സി.പി.ഐ. നേതാവുമായ കനയ്യ കുമാർ എന്നിവരോട് സംസാരിച്ചിരുന്നു.