supreme-court

ന്യൂഡൽഹി :പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ ഹൈക്കോടതികളിൽ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ്‌മാരായ ബി.ആർ.ഗവായി, സൂര്യകാന്ത് എന്നിവരുടെ ബെഞ്ചിലാണ് ഹർജി സമർപ്പിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസിൽ ഹൈക്കോടതികൾ വ്യത്യസ്ത നിലപാട് സ്വീകരിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പൗരത്വ നിയമഭേദഗതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു സംസ്ഥാനവും കത്തയച്ചിട്ടില്ല. നിയമം നടപ്പാക്കണമെന്ന അസം സർക്കാരിന്റെ കത്ത് മാത്രമേ തങ്ങളുടെ പക്കലുള്ളൂ എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കേന്ദ്രത്തിനായി സോളിസിറ്റ് ജനറൽ തുഷാർ മേത്ത ഹാജരായി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജി കർണാടക ഹൈക്കോടതി നേരത്തേ സ്വീകരിച്ചിരുന്നു. ഹർജി പരിഗണിക്കുന്നത് 10ലേക്ക് കോടതി മാറ്റി. രാജ്യമെമ്പാടും പൗരത്വ പ്രക്ഷോഭങ്ങൾ അറുപതോളം ഹർജികൾ സുപ്രീംകോടതിയിൽ എത്തിയിരുന്നു. എന്നാൽ കീഴ്‌കോടതികളെ സമീപിക്കാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. കോടതി കേന്ദ്രത്തിന് നോട്ടീസും അയച്ചിരിക്കുകയാണ്.

കേസ് 22ന് കോടതി പരിഗണിക്കും.