ന്യൂഡൽഹി: നിർഭയക്കേസിലെ പ്രതികൾക്ക് പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികളിൽ ഒരാളായ വിനയ്‌കുമാർ ശർമ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകി. 22ന് രാവിലെ ഏഴിന് നാല് പ്രതികളുടെയും വധശിക്ഷ തിഹാർ ജയിലിൽ നടപ്പാക്കാനിരിക്കെയാണ് നിയമസംവിധാനത്തിലെ അവസാന മാർഗവും പരീക്ഷിക്കാൻ പ്രതി തീരുമാനിച്ചത്.
കേസിന് ആസ്‌പദമായ സംഭവം നടക്കുമ്പോൾ വിനയ് ശർമയ്ക്ക് 19 വയസായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു.
പ്രായവും സാമൂഹിക സാമ്പത്തിക പശ്ചാത്തലവും കോടതി പരിഗണിക്കേണ്ടതായിരുന്നു. ദരിദ്രരും പ്രായമായവരുമാണ് പ്രതികളുടെ മാതാപിതാക്കൾ. വിനയിനെ തൂക്കിലേറ്റിയാൽ കുടുംബം അനാഥമാകും.
മാദ്ധ്യമങ്ങൾ സൃഷ്ടിച്ച പ്രചാരണമാണ് പ്രതികൾക്ക് മേൽ അപമതിപ്പുണ്ടാക്കിയത്. അതാണ് മരണവാറണ്ടിലേക്ക് നയിച്ചത്. മറ്റുചില ബലാത്സംഗ കേസുകളിലും കൊലപാതക കേസുകളിലും സുപ്രീംകോടതി ഇടപെട്ട് വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു. സമാനമായ തീരുമാനം നിർഭയ കേസിലും ഉണ്ടാകണമെന്നും ഹർജിയിൽ അഭ്യർത്ഥിച്ചു.
മറ്റ് പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് താക്കൂർ, പവൻ ഗുപ്ത എന്നിവരും ഉടൻ തിരുത്തൽ ഹർജി സമർപ്പിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ അറിയിച്ചു. രാഷ്ട്രപതിക്ക് ദയാഹർജിയും നൽകും.
ദയാഹർജിയിൽ തീരുമാനമെടുത്ത് 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാനാകൂ.