deepika-padukone

ന്യൂഡൽഹി:ആഡിസ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‌മി അഗർവാളിന്റെ ജീവിതം പ്രമേയമാക്കിയ ചാപക് സിനിമയിൽ ഇരയുടെ അഭിഭാഷയുടെ പേരും ഉൾപ്പെടുത്തണമെന്ന് ഡൽഹി കോടതി ഉത്തരവിട്ടു.

ആസിഡ് ആക്രമണക്കേസിൽ ലക്ഷ്‌മിക്ക് വേണ്ടി കോടതിയിൽ ഹാജരായ അപർണ ഭട്ട് തന്നെയാണ് സിനിമയ്ക്ക് സ്‌റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ലക്ഷ്മിയുടെ വേഷത്തിൽ ദീപിക പദുകോൺ ആണ് അഭിനയിക്കുന്നത്.

സിനിമയ്‌ക്കായി ദീപികയും അണിയറക്കാരും മാസങ്ങളോളം ലക്ഷ്‌മിയേയും തന്നെയും ബുദ്ധിമുട്ടിച്ചിരുന്നു. ചിത്രത്തിൽ ഒരു കടപ്പാട് പോലും തനിക്കു നൽകിയില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. സിനിമയുടെ തുടക്കത്തിൽ അപർണ ഭട്ടിന്റെ പേര് കടപ്പാട് രീതിയിൽ ഉൾപ്പെടുത്തണമെന്നാണ് ഉത്തരവ്.

2005ൽ പതിനഞ്ചാം വയസിൽ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മിയുടെ കഥ പറയുന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്താനിരിക്കെയാണ് അഭിഭാഷക കോടതിയെ സമീപിച്ചത്.

ഇതിനിടെ ജെ.എൻ.യു. വിദ്യാർത്ഥികൾക്ക് ദീപിക പദുക്കോൺ ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ ചിത്രം ബഹിഷ്കരിക്കാൻ ബി.ജെ.പിയുടെ നേതൃത്വത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപക പ്രചരണം നടക്കുകയാണ്.