jnu-protest

ന്യൂഡൽഹി: വി.സിയെ പുറത്താക്കുക, ഹോസ്റ്റൽ ഫീസ് വർദ്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ ജെ.എൻ.യു വിദ്യാർത്ഥികളും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവുമായി ഇന്നലെ വൈകിട്ട് നടന്ന ചർച്ച പരാജയപ്പെട്ടതോടെ വിദ്യാർത്ഥികൾ പ്രതിഷേധക്കൊടുങ്കാറ്റുയർത്തി തെരുവിലിറങ്ങി. അതീവ സുരക്ഷാ മേഖലയിൽപ്പെടുന്ന രാഷ്ട്രപതി ഭവനിലേക്കുള്ള വിദ്യാർത്ഥി മാർച്ച് പൊലീസ് തടഞ്ഞതോടെ രാജ്യതലസ്ഥാനത്ത് വീണ്ടും തെരുവുയുദ്ധം.

വൈകിട്ട് ആറോടെയാണ് ജെ.എൻ.യു വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തിയത്. വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ജൻപഥ് റോഡിൽ പൊലീസ് വിദ്യാർത്ഥികളെ തടഞ്ഞു. പൊലീസിനെ മറികടക്കാൻ വിദ്യാർത്ഥികൾ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. പിന്നാലെ വിദ്യാർത്ഥികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ ബലം പ്രയോഗിച്ച് എഴുന്നേൽപ്പിക്കാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഇതിനിടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. വിദ്യാർത്ഥികൾ റോഡിന്റെ മറുഭാഗത്തുകൂടി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. വിദ്യാർത്ഥികൾ ചിതറിയോടി. വിദ്യാർത്ഥികൾ വീണ്ടും പ്രതിഷേധിച്ചപ്പോൾ, നൂറോളം പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. നഗരത്തിൽ വൻ ഗതാഗതകുരുക്കിനും ഇതിടയാക്കി.

ഇന്നലെ രാവിലെ 10 മണിക്ക് മണ്ഡി ഹൗസിൽ നിന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് വിദ്യാർത്ഥികൾ മാർച്ച് നടത്തിയിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം, ബൃന്ദ കാരാട്ട് തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു. തുടർന്ന് വൈകിട്ട് ജെ.എൻ.യുവിൽ കാമ്പസിൽ ഐഷി ഘോഷടക്കമുള്ള വിദ്യാർത്ഥി യൂണിയൻ അംഗങ്ങളെ കേന്ദ്രമന്ത്രാലയ അധികൃതർ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു.

വി.സി ജഗ്‌ദേ‌ഷ് കുമാറിനെ മാറ്റണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഇന്ന് പരിഗണിക്കാമെന്ന് കേന്ദ്രം നിലപാടെടുത്തു. എന്നാൽ വി.സി രാജിവയ്ക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നായിരുന്നു ഐഷി ഘോഷ് അടക്കമുള്ളവരുടെ മറുപടി.

ഇതോടെ ചർച്ച അലസിപ്പിരിഞ്ഞു.

പ്രതിഷേധം രാഷ്ട്രപതി ഭവനിലേക്ക് നീട്ടുകയാണെന്ന് ഐഷി ഘോഷ് പ്രഖ്യാപിച്ചു. അദ്ധ്യാപക യൂണിയനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇവർക്ക് ഐക്യദാർഢ്യവുമായി ഡൽഹി, ജാമിയ മിലിയ സർവകലാശാലകളിൽ നിന്നടക്കം നൂറിലേറെ വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനെത്തിയിരുന്നു.