ചർച്ച ധനമന്ത്രിയില്ലാതെ
ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതികൂലാവസ്ഥ മറികടക്കാൻ പരിഹാരം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി നീതീ ആയോഗ് ആസ്ഥാനത്ത് സാമ്പത്തിക വിദഗ്‌ദ്ധരുമായി ചർച്ച നടത്തി. സാമ്പത്തിക വിദഗ്‌ദ്ധരും വ്യവസായ പ്രമുഖരുമായ ആർ. നാഗരാജ്, ഫർസാന അഫ്രീദി, പ്രദീപ് ഷാ, അപ്പാറാവു മല്ലവരപ്പു, ദീപ് കൽറ, പതജ്ഞലി ഗോവിന്ദ് കേസ്‌വാനി, ദീപക് സേഠ്, ശ്രീകുമാർ മിശ്ര, ആശിഷ് ധവാൻ, ശിവ് സരിൻ എന്നിവരടക്കം 38 പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചകളിലെ നിർദ്ദേശങ്ങൾ പ്രകാരമുള്ള പ്രഖ്യാപനങ്ങൾ കേന്ദ്ര ബഡ്‌ജറ്റിൽ ഉൾപ്പെടുത്തുകയും കേന്ദ്ര നയങ്ങൾ പാകപ്പെടുത്തുകയുമാണ് ലക്ഷ്യം.
രണ്ടുമണിക്കൂർ നീണ്ട ചർച്ചയിൽ ക്രിയാത്‌മക നിർദ്ദേശങ്ങൾ ഉയർന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സമ്പദ്‌വ്യവസ്ഥയുടെ ശക്തി മനസിലാക്കി ഘട്ടംഘട്ടമായി നീങ്ങിയാൽ അഞ്ച് ലക്ഷം കോടി മൂല്യമുള്ള വിപണിയാക്കി രാജ്യത്തെ മാറ്റാനാകുമെന്നും ടൂറിസം,നഗരവികസനം, അടിസ്ഥാന വികസനം, കാർഷിക വൃത്തി അടിസ്ഥാനമായുള്ള വ്യവസായങ്ങൾ എന്നിവയിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്‌കരി, പിയൂഷ് ഗോയൽ, നരേന്ദ്ര തോമർ, നീതി ആയോഗ് സി.ഇ.ഒ വൈസ് ചെയർമാൻ രാജീവ് കുമാർ, അമിതാബ് കാന്ത് അടക്കം പങ്കെടുത്ത യോഗത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇല്ലാതിരുന്നത് അഭ്യൂഹങ്ങൾക്കിടയാക്കി. ധനമന്ത്രിയില്ലാത്ത എന്ത് സാമ്പത്തിക ചർച്ചയാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. പ്രധാനമന്ത്രിയും അമിത് ഷായും ധനമന്ത്രിയെ മറന്നതാണോ എന്ന് കോൺഗ്രസ് എം.പി ശശി തരൂർ പരിഹസിച്ചു. ധനമന്ത്രി ബഡ്‌ജറ്റ് തയ്യാറെടുപ്പിലാണെന്ന് സർക്കാർ വിശദീകരണം നൽകുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം ചുമത്തി നിർമ്മലാ സീതാരാമനെ മനപൂർവം ഒഴിവാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു.