jnu-vc

ന്യൂഡൽഹി :ജെ.എൻ.യു കാമ്പസിലെ ഗുണ്ടാ ആക്രമണം തടയുന്നതിൽ വൈസ് ചാൻസലർ എം. ജഗ്‌ദേഷ് കുമാ‌റിന് ഗുരുതരവീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രാലയം നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട്.

അക്രമം നടന്ന് 4 മണിക്കൂറിന് ശേഷമാണ് വി.സി പൊലീസിൽ വിവരം അറിയിച്ചത്. ഉച്ചയ്ക്ക് 2 മുതൽ കാമ്പസിൽ അക്രമമുണ്ടായി. വൈകിട്ട് ആറരയ്ക്ക് വാട്സാപ്പിലൂടെയാണ് വി.സി പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് കാമ്പസിന് അകത്തു കയറണ്ടെന്നും പുറത്ത് സുരക്ഷ ഒരുക്കിയാൽ മതിയെന്നും സന്ദേശത്തിൽ പറയുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജോയിന്റ് കമ്മിഷണർ ശാലിനി സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടേതാണ് റിപ്പോർട്ട്.

പൊലീസിനെ വിളിക്കാൻ വൈകിയില്ല- വി.സി

ഗുണ്ടാ ആക്രമണമുണ്ടായപ്പോൾ പൊലീസിനെ വിളിക്കാൻ വൈകിയെന്ന ആരോപണം തള്ളി വൈസ് ചാൻസലർ എം. ജഗ്‌ദേഷ് കുമാർ.

സംഘർഷമുണ്ടായപ്പോൾ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. കാമ്പസിലെത്തിയ പൊലീസ് വാഹനം അക്രമികൾ അടിച്ചുതകർത്തു. ഗുണ്ടാ ആക്രമണത്തിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെതിരെ ഗുരുതര ആരോപണങ്ങളും വി.സി ഉന്നയിച്ചു. 'പ്രശ്‌നങ്ങളുണ്ടാക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു വിഭാഗം അദ്ധ്യാപകർ ഒത്താശ ചെയ്യുന്നു. പ്രതിഷേധിക്കുന്നവരിൽ ചിലർക്ക് അക്രമസ്വഭാവമുണ്ട്. സർവകലാശാല രാഷ്ട്രീയവത്കരിക്കാൻ അനുവദിക്കില്ല. മാനവശേഷി മന്ത്രാലയം അന്ത്യശാസനം നൽകുകയോ, രാജി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. കാമ്പസ് അടച്ചിടുകയുമില്ല.'

ദീപികയ്ക്കും വിമർശനം

ജെ.എൻ.യു വിദ്യാർത്ഥി പ്രതിഷേധത്തെ പിന്തുണച്ച് കാമ്പസിലെത്തിയ നടി ദീപിക പദുക്കോണിനെയും വി.സി വിമർശിച്ചു.

'ആർക്കും കാമ്പസിലേക്ക് വരാം. എന്നാൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നവർ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിക്കും സമാധാനം ആഗ്രഹിക്കുന്ന അദ്ധ്യാപകർക്കും ഒപ്പം എന്തുകൊണ്ട് നിൽക്കുന്നില്ല.'- വി.സി ചോദിച്ചു.

ഇന്നലെയും അറസ്റ്റില്ല

ആക്രമണം നടന്ന് ഒരാഴ്ചയാകാറായിട്ടും പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് ജെ.എൻ.യു വിദ്യാ‌ർത്ഥി യൂണിയൻ ആരോപിച്ചു. മൂന്ന് പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല.