ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതി ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്നും അടിയന്തരമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട ഹർജിയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, ആദ്യം രാജ്യത്ത് സമാധാനം നിലനിർത്തുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി.

രാജ്യം ദുർഘടാവസ്ഥയിലൂടെ കടന്ന് പോകുന്ന ഈ ഘട്ടത്തിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടിയാണ് ആദ്യം വേണ്ടത്. അതിന് ഇത്തരം ഹർജികൾ സഹായിക്കില്ല - ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനും ജസ്റ്റിസ്‌മാരായ ബി.ആർ. ഗവായി, സൂര്യകാന്ത് എന്നിവർ അംഗങ്ങളുമായ ബെഞ്ച് ചൂണ്ടിക്കാട്ടി.

മുംബയ് സ്വദേശി പുനീത് കൗർ ദണ്ഡയാണ് ഹർജി സമർപ്പിച്ചത്.

പൗരത്വ നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹർജിയിലെ ആവശ്യത്തെ ചീഫ് ജസ്റ്റിസ് പരിഹസിച്ചു. നിയമനിർമ്മാണ സഭ പാസാക്കുന്ന ഏത് നിയമവും ഭരണഘടനാപരമാണെന്നാണ് അനുമാനം. ആ നിയമത്തിൽ ഭരണഘടനാ വിരുദ്ധമായ

കാര്യങ്ങൾ ഉണ്ടോ എന്ന് സ്വതന്ത്രമായി അവലോകനം ചെയ്യേണ്ടത് സുപ്രീംകോടതിയാണ്. നിയമം ഭരണഘടനാപരമാണെന്ന് കോടതിക്ക് വെറുതെ അങ്ങ് പ്രഖ്യാപിക്കാനാവില്ലെന്നും ഹർജിക്കാരിയുടെ അഭിഭാഷകനെ കോടതി ഓർമ്മിപ്പിച്ചു.

രാജ്യം ദുർഘാടവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. സമാധാനം കൊണ്ടു വരുകയാണ് ആദ്യം വേണ്ടത്. സംഘർഷങ്ങൾ അവസാനിക്കുന്ന പക്ഷം ഈ ഹർജിയും പരിഗണിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

പൗരത്വ ബില്ലിനെക്കുറിച്ച് ജനങ്ങൾക്ക് മാദ്ധ്യമങ്ങളിലൂടെയുള്ള ബോധവത്കരണം ശക്തമാക്കണമെന്നും ബില്ലിനെതിരെ പ്രചാരണം നടത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടിരുന്നു. പൗരത്വനിയമവുമായി ബന്ധപ്പെട്ട അറുപതോളം ഹർജികൾ പരിഗണിക്കമ്പോൾ ഈ ഹർജിയും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ ഹൈക്കോടതികളിൽ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജി ഇന്ന് പരിഗണിക്കും.