cappikko-resort
cappikko resort

 ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി അംഗീകാരം

 പൊളിക്കേണ്ടത് 57 വില്ലകൾ ഉൾപ്പെട്ട റിസോർട്ട്

ന്യൂഡൽഹി: ചേർത്തല പാണാവള്ളി പഞ്ചായത്തിൽ വേമ്പനാട്ടുകായലിലെ നെടിയത്തുരുത്ത് ദ്വീപിൽ നിർമ്മിച്ച കാപ്പികോ റിസോർട്ട് ഉടൻ പൊളിക്കണമെന്ന് ജസ്‌റ്റിസുമാരായ ആർ.എഫ്. നരിമാൻ, അനിരുദ്ധ ബോസ്, വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വിധിച്ചു. റിസോർട്ട് മൂന്നു മാസത്തിനുള്ളിൽ പൊളിക്കണമെന്ന 2013 ജൂലായ് 7ലെ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് ഉടമകൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് വിധി. 57 വില്ലകൾ ഉൾപ്പെട്ടതാണ് റിസോർട്ട്.

നെടിയതുരുത്തിനോട് ചേർന്ന വെറ്റിലത്തുരുത്തിൽ ഗ്രീൻ ലഗൂൺ റിസോർട്ട് നിർമ്മാണം തടഞ്ഞ ഹൈക്കോടതിയുടെ കണ്ടെത്തലുകൾ കാപ്പികോ റിസോർട്ടിന്റെ കാര്യത്തിലും ബാധകമാണെന്ന് വിധിയിൽ പറയുന്നു. വേമ്പനാട്ടു കായലിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത സുപ്രീംകോടതി, 1991ലെ തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ നെടിയതുരുത്തിന് ബാധകമല്ലെന്ന വാദം തള്ളി. കേരളത്തിലെ കായലുകൾക്ക് നടുവിലുള്ള ദ്വീപുകളിൽ നിയമം ബാധകമായത് 2011 മുതലാണെന്നും പദ്ധതിക്ക് 1996ലും കെട്ടിടനിർമ്മാണത്തിന് 2007ലുമാണ് അനുമതി ലഭിച്ചതെന്നുമുള്ള വാദങ്ങളും പരിഗണിച്ചില്ല. തീരദേശ പരിപാലന നിയമം കർശനമായി പാലിക്കാൻ പഞ്ചായത്ത് ഡയറക്‌ടർ 1995, 96 വർഷങ്ങളിൽ ഇറക്കിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണിത്.

നെടിയ തുരുത്ത് ദ്വീപിലെ ഏഴു ഹെക്ടറിൽ റിസോർട്ട് നിർമ്മിച്ച സ്ഥലം 1991ലെ തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് സോൺ മൂന്നിൽ വരുന്നതാണെന്ന കേരള തീരദേശ പരിപാലന അതോറിട്ടിയുടെ വാദം കോടതി ശരിവച്ചു. നിയമവിരുദ്ധമായ നിർമ്മാണത്തിനെതിരെ തൈക്കാട്ടുശേരിയിലെ മത്സ്യത്തൊഴിലാളി കോൺഗ്രസും ജനസമ്പർക്ക സമിതിയും നൽകിയ ഹർജിയിലാണ് 2013ൽ ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് കെ. ഹരിലാൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റിസോർട്ട് പൊളിക്കാൻ ഉത്തരവിട്ടത്.

പരിസ്ഥിതി മന്ത്രാലയം സംസ്ഥാന തീരദേശ പരിപാലന അതോറിട്ടിയിൽ നിന്ന് ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയിരുന്നു. നിയമം ലംഘിച്ചാണ് നിർമ്മാണം നടത്തിയതെന്ന് അതോറിട്ടി രണ്ട് തവണ കേന്ദ്രസർക്കാരിന് മറുപടി നൽകുകയും ചെയ്തു. എൻ. പത്മകുമാർ ആലപ്പുഴ കളക്ടർ ആയിരിക്കെ റിസോർട്ട് ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല.

കൂട്ടു നിന്നത് പഞ്ചായത്ത്

 റിസോർട്ട് പാണാപള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ

 ചട്ട ലംഘനമെന്ന് അറിഞ്ഞിട്ടും പഞ്ചായത്ത് നമ്പർ നൽകി

 ചട്ടപ്രകാരം കായൽകരയിൽ നിന്ന് വേണ്ടത് 50 മീറ്റർ അകലം

 ഇവിടെ അകലം പത്തു മീറ്ററിൽ താഴെ