aishe-ghosh

 പ്രതികളിൽ വിദ്യാർത്ഥി യൂണിയൻ അദ്ധ്യക്ഷയും

വർദ്ധിപ്പിച്ച ഫീസ് ബാദ്ധ്യത യു.ജി.സി വഹിക്കും

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ കഴിഞ്ഞ അഞ്ചിന് പെരിയാർ ഹോസ്‌റ്റലിൽ നടന്ന ആക്രമണത്തിൽ വിദ്യാർത്ഥി യൂണിയൻ അദ്ധ്യക്ഷ ഐഷി ഘോഷ് അടക്കം 9 പേർക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. ഇവരുടെ സി.സി.ടിവി ദൃശ്യങ്ങൾ സഹിതമുള്ള തെളിവുകൾ പൊലീസ് പുറത്തുവിട്ടു. എന്നാൽ മുഖംധാരികളായ ഗുണ്ടകൾ സബർമതി ഹോസ്റ്രലിൽ നടത്തിയ ആക്രമണത്തിൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല.

ഞായറാഴ്‌ച അക്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ് 16 തുന്നൽ വേണ്ടിവന്ന വിദ്യാർത്ഥി യൂണിയൻ ഐഷി ഘോഷ്, ഇടതു നേതാക്കളായ ചഞ്ചും കുമാർ, വാസ്‌ക്കർ വിജയ്, പങ്കജ് മിശ്ര ,സുചേതാ തലൂക്ക്‌രാജ്, പ്രിയാ രഞ്ജൻ, ദൊലാൻ സാവന്ത് എന്നീ ഇടത് നേതാക്കൾക്ക് പുറമേ​ വികാസ് പട്ടേൽ, യോഗേന്ദ്ര ഭരദ്വാജ് എന്നീ എ.ബി.വി.പി പ്രവർത്തകരും പ്രതികളാണെന്ന് ഡൽഹി ക്രൈംബ്രാഞ്ച് ഡി.സി.പി ജോയ് തിർക്കെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എയിസ, ഡി.എസ്.എഫ് തുടങ്ങിയ ഇടതു സംഘടനകളുടെ നേതൃത്വത്തിൽ രജിസ്ട്രേഷൻ തടഞ്ഞ സമരത്തിന്റെ തുടർച്ചയായാണ് അക്രമമുണ്ടായത്. സമരക്കാർ കമ്പ്യൂട്ടർ സെർവർ മുറി തകർത്തു. രജിസ്ട്രേഷനുമായി സഹകരിക്കാൻ ആഗ്രഹിച്ച വിദ്യാർത്ഥികളെ സമരക്കാർ തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്‌റ്റർ ചെയ്‌തെന്നും പുറത്തുനിന്നുള്ളവർ അക്രമത്തിൽ പങ്കെടുക്കാൻ സാദ്ധ്യതയില്ലെന്നും ഡി.സി.പി വിവരിച്ചു.

' പൊലീസ് നടപടി ചിലരെ സംരക്ഷിക്കാനാണ്. തെറ്റൊന്നും ചെയ്‌തിട്ടില്ല. ആരെയും ഭയപ്പെടുന്നില്ല. എന്നെ ആക്രമിച്ചതിന് തെളിവുണ്ട്. എനിക്കെതിരെ നടന്ന അക്രമത്തിൽ പരാതി നൽകിട്ടും പൊലീസ് കേസെടുത്തിട്ടില്ല.

-വിദ്യാർത്ഥി യൂണിയൻ അദ്ധ്യക്ഷ ഐഷി ഘോഷ്

 ജെ.എൻ.യു കാമ്പസിൽ അക്രമം വിതച്ച ഇടതു മുഖംമൂടി ഇപ്പോൾ ഊരിവീണു. അക്രമം ഇടത് ഗൂഢാലോചനയെന്ന് തെളിഞ്ഞു. എ.ബി.വി.പി, ബി.ജെ.പി പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു അക്രമം. കാമ്പസ് രാഷ്‌ട്രീയ യുദ്ധക്കളമായി ഉപയോഗിക്കുകയാ

ണ്.

- കേന്ദ്രമന്ത്രിമാരുമായ സ്‌മൃതി ഇറാനിയും പ്രകാശ് ജാവ്ദേക്കറും

അധിക ഫീസ് യു.ജി.സി നൽകും

ജെ.എൻ.യു കാമ്പസിൽ രണ്ടുമാസമായി ഇടതു സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായ ഹോസ്‌റ്റൽ ഫീസ് വർദ്ധനയുടെ ബാദ്ധ്യത ഏറ്റെടുക്കാൻ യു.ജി.സിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് വൈസ് ചാൻസലർ പ്രൊഫ. എം. ജഗദീഷ് കുമാർ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം സെക്രട്ടറി അമിത് ഖരെ വിളിച്ചു ചേർത്ത യോഗത്തിലാണിത്. യൂട്ടിലിട്ടി, സേവന നിരക്കുകൾ കുട്ടികൾ നൽകേണ്ടതില്ല. മുറിവാടക ഇനത്തിൽ 300 രൂപ നൽകിയാൽ മതിയാകും.

ചർച്ചയ്ക്ക് ശേഷം ഫീസ് വർദ്ധന നേരിടാൻ ആവശ്യമായ ഫണ്ട് നൽകണമെന്ന് യു.ജി.സിയോട് സർക്കാർ നിർദ്ദേശിച്ചു.

പിന്നീട് ഐഷി ഘോഷിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ, വിദ്യാർത്ഥികൾ സമരത്തിൽ നിന്ന് പിൻമാറണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.