jnu-

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഗുണ്ടാ ആക്രമണത്തിന് നേതൃത്വം നൽകിയവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും 37പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ജെ.എൻ.യു അക്രമം സംഘടിപ്പിച്ചത് ഇടത് വിദ്യാർത്ഥി നേതാക്കളാണെന്ന പൊലീസിന്റെ കണ്ടെത്തൽ വിവാദമായ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ.

'ഇടതിനെതിരെയുള്ള കൂട്ടായ്മ" (യുണൈറ്റി എഗെൻസ്റ്റ് ലെഫ്റ്റ്') എന്ന പേരിൽ രൂപീകരിച്ച വാട്ട്‌സാപ്പ് ഗ്രൂപ്പിലെ 60 അംഗങ്ങളിൽ 37 പേരെയാണ് തിരിച്ചറിഞ്ഞത്.

ഇവരിൽ എ.ബി.വി.പി ജെ.എൻ.യു യൂണിറ്റ് സെക്രട്ടറി മനീഷ് ജംഗീദമുണ്ട്. പത്തു പേർ കാമ്പസിന് പുറത്തുള്ളവരാണ്. ഇവർ വിദ്യാർത്ഥികളല്ലെന്നും പൊലീസ് അറിയിച്ചു. ഗ്രൂപ്പിൽ അംഗമായത് എങ്ങനെയെന്ന് അറിയില്ലെന്ന് മനീഷ് പറഞ്ഞു. ആക്രമണമുണ്ടായ ദിവസം തന്നെ വാട്ട്‌സാപ്പ് ഗ്രൂപ്പിലെ സംഭാഷണങ്ങളും മറ്റും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഏതുവഴിയാണ് കാമ്പസിൽ എത്തേണ്ടതെന്നും വി.സി തങ്ങളുടെ സ്വന്തം ആളാണെന്നും ഗ്രൂപ്പ് അംഗങ്ങൾ സന്ദേശങ്ങൾ കൈമാറുന്നുണ്ടായിരുന്നു.

 പുറത്തു നിന്നുള്ളവരെ നിയന്ത്രിക്കും: വി.സി

പുറത്തു നിന്നുള്ളവർ തടസമില്ലാതെ കടന്നുവരുന്നത് കാമ്പസിന്റെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്നതായി ജെ.എൻ.യു വൈസ് ചാൻസലർ പ്രൊഫ. ജഗദീഷ് കുമാർ പറഞ്ഞു. ഇന്നലെ വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പൊതുവേ ജെ.എൻ.യു സമാധാന അന്തരീക്ഷമുള്ളയിടമാണ്. അടുത്ത കാലത്തായി പുറത്തു നിന്നുള്ളവരുടെ സാന്നിദ്ധ്യമേറുന്നു. പലരും അനധികൃതമായി ഹോസ്‌റ്റലുകളിൽ താമസിക്കുന്നു. പ്രശ‌്നങ്ങളുണ്ടാക്കുന്നത് അവരാണ്. അവർക്ക് ഒന്നും നഷ്‌ടപ്പെടാനില്ല. ഹോസ്‌റ്റലുകൾക്ക് പുറത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. തിങ്കളാഴ്ച സർവകലാശാല തുറക്കും.'- വി.സി പറഞ്ഞു.

അതേസമയം വി.സി യോഗം വിളിച്ചത് അറിഞ്ഞില്ലെന്ന് വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷ് പറഞ്ഞു. വി.സി. രാജിവയ്ക്കും വരെ സമരം തുടരുമെന്നും തിങ്കളാഴ്ച പ്രതിഷേധമാർച്ച് നടത്തുമെന്നും വിദ്യാ‌ത്ഥികൾ പറഞ്ഞു.

വി.സിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പിന്നാലെ ഹോസ്‌റ്റലുകളിലെ അനധികൃത താമസക്കാരെ പുറത്താക്കാൻ ഡൽഹി പൊലീസ് പരിശോധനയ്‌ക്ക് അനുമതി തേടിയിട്ടുണ്ട്.