ന്യൂഡൽഹി: രാജ്യത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ശബ്ദത്തെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ ശ്രമമാണ് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ കണ്ടതെന്ന് ആരോപിച്ച കോൺഗ്രസ് പ്രവർത്തക സമിതി വിദ്യാർത്ഥി പ്രക്ഷോഭത്തിന് സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.യോഗത്തിൽ രാഹുൽ ഗാന്ധിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി.
ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമത്തിലും രൂക്ഷമായ തൊഴിലില്ലായ്മയിലും അസാധാരണമായ ഫീസ് വർദ്ധനയിലും പൊറുതിമുട്ടിയ വിദ്യാർത്ഥികളാണ് രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നത്.അവർ പറയുന്നത് ശ്രദ്ധിക്കാതെ ലാത്തികൊണ്ടും ടിയർ ഗ്യാസ് ഷെല്ലുകൾ ഉപയോഗിച്ചും കള്ളക്കേസെടുത്തും പ്രതിഷേധത്തെ തടയാനാണ് നീക്കം. ഡൽഹി ജെ.എൻ.യു, ജാമിയ മിലിയ, അലിഗഡ് സർവകലാശാല, ബനാറസ് സർലകലാശാല, അലഹബാദ് സർവകലാശാല തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം പ്രതിഷേധങ്ങൾ ഉയർന്നു.
ക്രിയാത്മക ചിന്തയെയും പഠനത്തെയും സർക്കാർ ആക്രമിക്കുന്നു. തങ്ങളുടെ നിഗൂഢ അജണ്ട വഴി വിദ്യാർത്ഥികളെ വഴിതെറ്റിക്കാൻ കഴിയാതെ വന്നപ്പോൾ സർവകലാശാലകളിൽ ഗൂഢാലോചന നടത്തുന്നു. രാജ്യത്തെ ഭരണഘടനയും സ്വതന്ത്ര ചിന്തകളും ക്രിയാത്മക പഠനവും നിലനിറുത്താനുള്ള പോരാട്ടത്തിൽ വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുമെന്നും പ്രവർത്തക സമിതി പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കി.
എൻ.പി.ആർ ഗൂഢാലോചന
ദേശീയ പൗരത്വ ഭേദഗതിക്കെതിരെയും ആസമിൽ നടപ്പാക്കിയ എൻ.ആർ.സിക്കെതിരെയും പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ദേശീയ ജനസംഖ്യാ രജിസ്‌റ്ററിലൂടെ(എൻ.പി.ആർ) തങ്ങളുടെ ഗൂഢലക്ഷ്യം നടപ്പാക്കാനൊരുങ്ങുകയാണെന്ന് യോഗം പാസാക്കിയ മറ്റൊരു പ്രമേയത്തിൽ പറയുന്നു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും എൻ.പി.ആർ നടപടികൾ നിറുത്തിവയ്‌ക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. രാജ്യത്തെ കാർഷിക, സാമ്പത്തിക പ്രതിസന്ധിക്കു കാരണമായ നയങ്ങൾ അടിയന്തരമായി പുന:പരിശോധിച്ചില്ലെങ്കിൽ പ്രശ്‌നങ്ങൾ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകി. ജമ്മുകാശ്മീർ ജനതയുടെ സഞ്ചാര സ്വാതന്ത്യം കേന്ദ്ര സർക്കാർ തടയുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. യു.എസ്-ഇറാൻ സംഘർഷത്തിൽ യോഗം ആശങ്ക രേഖപ്പെടുത്തി.
മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി യാത്രയിലായതിനാൽ പങ്കെടുത്തില്ലെന്നാണ് നേതാക്കൾ നൽകിയ വിശദീകരണം. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ വാധ്ര പങ്കെടുത്തിരുന്നു.