jnu

ന്യൂഡൽഹി: ജെ.എൻ.യു ആക്രമണക്കേസിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ 9 പേരെ ഡൽഹി പൊലീസ് ചോദ്യം ചെയ്യും. ഇന്നു മുതൽ വ്യത്യസ്ത സമയങ്ങളിലായിരിക്കും ചോദ്യം ചെയ്യൽ. ആൺകുട്ടികൾ ക്രൈംബ്രാഞ്ച് ഓഫീസിലെത്തണം. പെൺകുട്ടികളെ അവർ തീരുമാനിക്കുന്ന സ്ഥലത്ത് വനിത പൊലീസ് എത്തി ചോദ്യം ചെയ്യും. ജനുവരി 5 ലെ മുഖംമൂടി ആക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേരെ കൂടി തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

ഇന്നലെ ഡി.എം.കെ യുവജന വിഭാഗം നേതാവും നടനുമായ ഉദയനിധി സ്റ്റാലിൻ ജെ.എൻ.യുവിലെത്തി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന കോൺഗ്രസ് നേതാവും കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ ശശി തരൂർ എം.പിയും കാമ്പസിലെത്തി. ജെ.എൻ.യു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.

അതേസമയം ഹോസ്റ്റൽ ഫീസ് വർദ്ധിപ്പിക്കാനുള്ള തീരുമാനം പെട്ടെന്നുള്ളതല്ലെന്നും 2016ലെ സമിതിയുടേതാണെന്നും ജെ.എൻ.യു വൈസ് ചാൻസലർ എം. ജഗദീഷ് കുമാർ പറഞ്ഞു.