jnu-vc

വി. സിയെ മാറ്റണം, ജുഡിഷ്യൽ അന്വേഷണം വേണം

ന്യൂഡൽഹി: ജെ.എൻ.യുവിൽ ഗുണ്ടാസംഘം യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആക്രമിച്ചതിന്റെ സൂത്രധാരൻ വൈസ് ചാൻസലറാണെന്ന് കോൺഗ്രസ് വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. വി.സി എം ജഗദേഷ് കുമാറിനെ നീക്കണമെന്നും സംഭവത്തെ പറ്റി ജുഡിഷ്യൽ അന്വേഷണം വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു.

അക്രമമുണ്ടായ അഞ്ചിന് ആരാണ് സെർവർ ഓഫ് ചെയ്തതെന്ന് വ്യക്തമല്ല. സി.സി.ടിവി ദൃശ്യങ്ങൾ റെക്കാർഡ് ചെയ്യാത്ത സാഹചര്യം വൈസ് ചാൻസലർ മുതലെടുത്തു. പ്രശ്നം പരിഹരിക്കുന്നതിലും സമയത്ത് ഇടപെടുന്നതിലും മാനവശേഷി മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കോൺഗ്രസ് നേതാക്കളായ സുഷ്‌മിത ദേവ്, ഡോ. നാസിർ ഹുസൈൻ, ഹൈബി ഈഡൻ, അഡ്വ. അമൃത ധവാൻ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയത്. എട്ടു പേജുള്ള റിപ്പോർട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് കൈമാറി.

റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ

 വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഭയപ്പെടുത്താൻ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തു

അക്രമികളുമായി ഗൂഢാലോചന നടത്തിയ വി.സിക്കും കാമ്പസിന്റെ സുരക്ഷാ ചുമതലയുള്ള സെക്യൂരിറ്റി കമ്പനിക്കും എതിരെ ക്രിമിനൽ കേസെടുക്കണം

 പണം ചെലവാക്കിയതുൾപ്പടെ വി.സിയുടെ എല്ലാ നടപടികളും അന്വേഷിക്കണം

അക്രമികളെ ആയുധങ്ങളുമായി കാമ്പസിൽ വിഹരിക്കാൻ അനുവദിച്ചു.

ഡൽഹി പൊലീസ് അക്രമികളെ സഹായിച്ചു. സഹായം തേടിയവരെ അവഗണിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണം.

 പരിക്കേറ്റ വിദ്യാർത്ഥികൾക്കെതിരെ രണ്ട് എഫ്.ഐ.ആർ.

 വിദ്യാർത്ഥി യൂണിയന്റെ പരാതിയിൽ അറസ്റ്റുണ്ടായില്ല.

 അന്യായമായ ഫീസ് വർദ്ധന പിൻവലിക്കണം