sabarimala-verdict

ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഉൾപ്പെടെ ഉയർന്നുവന്ന മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാപ്രശ്നങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച ഒൻപതംഗ ബെഞ്ച് ഇന്നു മുതൽ വാദം കേൾക്കും. രാവിലെ 10.30ന് ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ്‌മാരായ ആർ.ഭാനുമതി. അശോക് ഭൂഷൺ, എൽ.നാഗേശ്വരറാവു, എം.എം ശാന്തനഗൗഡർ, എസ്.എ നസീർ, ആർ.സുഭാഷ് റെഡ്ഡി, ബി.ആർ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിശോധിക്കുക.

നവംബർ 14നാണ് ശബരിമല റിവ്യൂ ഹർജികൾ മാറ്റിവച്ച് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശാലബെഞ്ചിന് വിടാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ശബരിമല വിധിക്ക് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം,

ഇതര സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകളുടെ ആരാധനാലയ വിലക്ക്, ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മത്തിനെതിരായ ഹർജി തുടങ്ങിയ വിഷയങ്ങളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ്

അന്നത്തെ ചീഫ്ജസ്റ്റിസ് രഞ്ജൻഗോഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ വിശാലബെഞ്ച് രൂപീകരിക്കാൻ തീരുമാനിച്ചത്.