sc


ന്യൂഡൽഹി: തീരദേശ നിയമം ലംഘിച്ച മരടിലെ നാലു ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാനുള്ള ഉത്തരവ് നടപ്പാക്കിയെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കായലിലും മറ്റും വീണ അവശിഷ്ടങ്ങൾ എത്രയും വേഗം നീക്കണമെന്ന് ജസ്റ്റിസുമാരായ അരുൺ മിശ്രയും എം.ആർ. ഷായുമടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. അവശിഷ്ടങ്ങൾ മുഴവൻ നീക്കാൻ 40 ദിവസം വേണമെന്ന് സർക്കാർ വ്യക്തമാക്കി.

മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ് വേദനാജനകമായ കടമയായിരുന്നെന്ന് ജസ്റ്റിസ് അരുൺ മിശ്ര വാക്കാൽ പറഞ്ഞു. മറ്റുവഴികളില്ലായിരുന്നു. ഉത്തരവ് നടപ്പാക്കിയതിലൂടെ അനധികൃത നിർമ്മാണം കുറയുമെന്നാണ് പ്രതീക്ഷ.

നഷ്ടപരിഹാരം ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട അനുബന്ധ ആവശ്യങ്ങളിൽ പുതിയ അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. ഫെബ്രുവരി 10ന് വീണ്ടും വിഷയം പരിഗണിക്കും.

നഷ്ടപരിഹാരം ലഭിക്കാൻ സിവിൽ കോടതിയെ സമീപിക്കുമ്പോൾ വലിയ തുക ഫീസ് നൽകേണ്ടിവരുമെന്നും ഇതിൽ ഇളവ് വേണമെന്നും കെട്ടിട ഉടമകൾ ആവശ്യപ്പെട്ടു. മരവിപ്പിച്ച സ്വത്തുക്കൾ വിറ്റ് നഷ്ടപരിഹാരം കൈമാറാൻ അനുവദിക്കണമെന്ന് ജയിൻ ഹൗസിംഗ് ആവശ്യപ്പെട്ടെങ്കിലും പുതിയ അപേക്ഷ നൽകാൻ നിർദ്ദേശിച്ചു.