
ന്യൂഡൽഹി: ഫീസ് വർദ്ധനയ്‌ക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ ജെ.എൻ.യുവിൽ ക്ലാസുകൾ ആരംഭിക്കാനുള്ള നീക്കം പാളി. ഭൂരിഭാഗം വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും ക്ലാസുകൾ ബഹിഷ്‌കരിക്കുകയും സെമസ്റ്റർ രജിസ്‌ട്രേഷനിൽ നിന്നു വിട്ടുനിൽക്കുകയും ചെയ്തു. സ്ഥിതി അരക്ഷിതമായി തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി അദ്ധ്യാപക അസോസിയേഷൻ നിസഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിസഹകരണം അവസാനിപ്പിക്കാൻ അദ്ധ്യാപകരോട് ജെ.എൻ.യു അധികൃതർ ആവശ്യപ്പെട്ടു. വർദ്ധിപ്പിച്ച ഹോസ്റ്റൽ ഫീസ് ഒഴിവാക്കി ട്യൂഷൻഫീസ് മാത്രം അടച്ച് രജിസ്‌ട്രേഷൻ നടപടിയുമായി സഹകരിക്കുമെന്ന് വിദ്യാർത്ഥി യൂണിയൻ അറിയിച്ചിരുന്നെങ്കിലും ഹോസ്റ്റൽഫീസ് അടച്ചവർക്ക് മാത്രം രജിസ്‌ട്രേഷൻ എന്ന നിലയിൽ പോർട്ടലിൽ അധികൃതർ മാറ്റംവരുത്തിയതോടെയാണ് ഫീസ് വർദ്ധനയും ജനുവരി അഞ്ചിന് നടന്ന ആക്രമണവും ഉന്നയിച്ച് അദ്ധ്യാപകരും രംഗത്തെത്തിയത്. വി.സി രാജിവയ്ക്കണമെന്നും അദ്ധ്യാപകർ ആവശ്യപ്പെട്ടു. അതിനിടെ, പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിൽ ഡൽഹി പൊലീസ് കമ്മിഷണർ അമൂല്യ പട്‌നായിക്കിനോട് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരമന്ത്രാലയ സ്ഥിരം സമിതി വിശദീകരണം തേടി.
കൂടാതെ, കോൺഗ്രസ് നേതാക്കളായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, പി.സി.വിഷ്ണുനാഥ്, അനിൽ ബോസ്, മുസ്ലിംലീഗ് നേതാക്കളും എം.പിമാരുമായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ , അബ്ദുൾ വഹാബ് തുടങ്ങിയവർ ജെ.എൻ.യുവിലെത്തി വിദ്യാർത്ഥികളെ കണ്ടു.
ഐഷി ഘോഷിനെ ചോദ്യം ചെയ്തു
ജെ.എൻ.യു സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്, വാസ്‌ക്കർ വിജയ്, പങ്കജ്മിശ്ര എന്നിവരെ ഇന്നലെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കാമ്പസിലെത്തിയാണ് ഐഷിയെ ചോദ്യം ചെയ്തത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നീതിപൂർവമായ അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്ന് ഐഷി പറഞ്ഞു. ചോദ്യം ചെയ്യൽ 45 മിനിറ്റോളം നീണ്ടു.
മുഖം മറച്ചെത്തിയത് കോമൾ ശർമ്മ
ജനുവരി അഞ്ചിന് കാമ്പസിൽ കയറി വിദ്യാർത്ഥികളെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന മുഖംമറച്ച പെൺകുട്ടി ഡൽഹി സർവകലാശാല ദൗലത്ത് രാം കോളേജിലെ വിദ്യാർത്ഥിനിയായ കോമൾ ശർമയാണെന്ന് പൊലീസ് വെളിപ്പെടുത്തി. ചോദ്യം ചെയ്യലിന് ഹാജരാകാൻ കോമളിന് പൊലീസ് നോട്ടീസയച്ചു. ഇവരുടെ മൊബൈൽഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്നും പൊലീസ് പറഞ്ഞു. ആക്രമണം നടത്തിയെന്ന് ദേശീയ ചാനലിനോട് ഏറ്റുപറഞ്ഞ എ.ബി.വി.പി പ്രവർത്തകരായ അക്ഷന്ത് അശ്വതി, രോഹിത് ഷാ എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് പുറത്തുവിട്ട ചിത്രങ്ങളിലുള്ള എ.ബി.വി.പിക്കാരായ യോഗേന്ദ്ര ഭരദ്വാജ്, വികാസ് പട്ടേൽ എന്നിവരെയും ഉടൻ ചോദ്യം ചെയ്യും.
ഡൽഹി പൊലീസിനെതിരെ
ജാമിയ യൂണി. പരാതി നൽകും
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 15ന് പ്രതിഷേധമുണ്ടായപ്പോൾ ഡൽഹി പൊലീസ് അനുമവാദമില്ലാതെ കാമ്പസിൽ പ്രവേശിച്ച് വിദ്യാർത്ഥികളെ മർദ്ദിച്ചതിനും നാശനഷ്ടമുണ്ടാക്കിയതിനും ജാമിയ മിലിയ സർവകലാശാല പരാതി നൽകും. വിദ്യാർത്ഥികൾ വൈസ് ചാൻസലർ നജ്മാ അക്തറെ ഉപരോധിച്ചതിന് പിന്നാലെയാണ് തീരുമാനം. പ്രകടനമായെത്തിയ നൂറുകണക്കിന് വിദ്യാർത്ഥികൾ വി.സിയുടെ ഓഫീസിന്റെ പൂട്ടുപൊളിച്ച് കടന്നാണ് ഉപരോധിച്ചത്. പൊലീസിനെതിരെ പരാതി നൽകുന്ന കാര്യത്തിൽ ഉറപ്പു നൽകണമെന്നും ക്ളാസ് തടസപ്പെട്ട സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.