ന്യൂഡൽഹി: നിർഭയ കേസിലെ രണ്ടു പ്രതികൾ നൽകിയ തിരുത്തൽ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എൻ.വി രമണ, അരുൺമിശ്ര, ആർ.എഫ് നരിമാൻ, ആർ.ഭാനുമതി,അശോക് ഭൂഷൺ എന്നിവർ ഉച്ചയ്ക്ക് 1.45 ഓടെ ചേംബറിലാണ് ഹർജി പരിശോധിക്കുക.
പ്രതികളായ വിനയ് ശർമ്മ, മുകേഷ് എന്നിവരാണ് ക്യുറേറ്റീവ് ഹർജി നൽകിയത്. വധ ശിക്ഷയിൽ നിന്ന് ഒഴിവാകാൻ പ്രതികൾക്കുള്ള അവസാന നിയമനടപടിയാണിത്. പവൻ ഗുപ്ത , അക്ഷയ്കുമാർ സിങ് എന്നിവർ തിരുത്തൽ ഹർജി നൽകിയിട്ടില്ല.
തിഹാറിൽ
ഡമ്മി പരീക്ഷണം
നാലു പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് നടപ്പാക്കണമെന്ന് ഡൽഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടിരിക്കെ, ഞായറാഴ്ച തിഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തി. പ്രതികളുടെ തൂക്കത്തിനനുസരിച്ച് കല്ലും മണ്ണും നിറച്ച് തയാറാക്കിയ ചാക്കുകൾ തൂക്കിലേറ്റിയായിരുന്നു പരീക്ഷണം.
22ന് രാവിലെ ഏഴിന് നാലു പ്രതികളെയും തൂക്കിലേറ്റാനാണ് കോടതി ഉത്തരവ്. നാല് പ്രതികളെയും ഒരുമിച്ച് തൂക്കുന്നത് ആദ്യമായാണ്. മീററ്റ് ജയിലിലെ പവൻ ജല്ലാദാണ് ആരാച്ചാർ.