ന്യൂഡൽഹി: നിർഭയ കൂട്ടമാനഭംഗക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പ്രതികളിൽ വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവരുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഇന്നലെ ഏകകണ്ഠമായി തള്ളി.
നേരത്തെ റിവ്യൂ ഹർജികൾ തള്ളിയതിനാൽ പ്രതികൾക്ക് സുപ്രീംകോടതിയിലെ അവസാന നിയമ നടപടിയായിരുന്നു തിരുത്തൽ ഹർജി. ആ സാദ്ധ്യതയും അടഞ്ഞതോടെ തൂക്കുകയറിൽ നിന്ന് രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്ന നിലയിൽ മുകേഷ് സിംഗ് ഇന്നലെ തന്നെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് ദയാഹർജി സമർപ്പിച്ചു. വധശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം.
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനും ദയാഹർജി നൽകിയതായും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി 22ന് നാലുപ്രതികളുടെയും വധശിക്ഷ നടപ്പാക്കണമെന്ന സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുകേഷ് ഡൽഹി ഹൈക്കോടതിയെയും സമീപിച്ചു. ഈ ഹർജി ഇന്ന് പരിഗണിക്കും.
സുപ്രീംകോടതിയിൽ ജസ്റ്റിസ്‌മാരായ എൻ.വി. രമണ, അരുൺ മിശ്ര, ആർ.എഫ്. നരിമാൻ, ആർ.ഭാനുമതി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ചാണ് തിരുത്തൽ ഹർജികൾ തള്ളിയത്.
ഉച്ചയ്‌ക്ക് 1.45 ഓടെ ജസ്റ്റിസ് എൻ.വി. രമണയുടെ ചേംബറിലാണ് തിരുത്തൽ ഹർജികൾ പരിഗണിച്ചത്. തിരുത്തൽ ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണം, വധശിക്ഷ സ്റ്റേ ചെയ്യണം എന്നീ ആവശ്യങ്ങളും അനുവദിച്ചില്ല.
വിധി പറയും മുൻപ് തങ്ങളെ വിശദമായി കേട്ടില്ല, ജഡ്‌ജി പക്ഷപാതം കാട്ടി എന്നിവ തെളിയിച്ചാൽ മാത്രമേ തിരുത്തൽ ഹർജി അനുവദിക്കുകയുള്ളൂ. 2002ലെ ഒരു കേസിൽ വ്യക്തമാക്കിയ ഈ രണ്ട് മാനദണ്ഡങ്ങളും പ്രകാരം പ്രതികളുടെ ആവശ്യം നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി.
പവൻ ഗുപ്ത, അക്ഷയ്‌കുമാർ സിംഗ് എന്നീ പ്രതികൾ തിരുത്തൽ ഹർജി നൽകിയിരുന്നില്ല. മറ്റു രണ്ടുപേരുടെയും ഹർജികൾ തള്ളിയതിനാൽ ഇനി ഇവർ തിരുത്തൽ ഹർജികൾ നൽകുന്നതിന് പ്രസക്തിയില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
2012 ഡിസംബർ 16 ന് രാത്രിയാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനി നിർഭയയെ ഓടുന്ന ബസിൽ ക്രൂരമായി കൂട്ടമാനഭംഗപ്പെടുത്തിയത്. സിംഗപൂരിലെ ആശുപത്രിയിൽ ഡിസംബർ 29ന് മരണത്തിന് കീഴടങ്ങി.
ദയാഹർജി ഏക വഴി
വധശിക്ഷ നടപ്പാക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ, രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിക്കുകയാണ് മറ്റ് പ്രതികൾക്കും മുന്നിലുള്ള ഏക വഴി. ദയാഹർജിയും തള്ളിയാൽ വധശിക്ഷ നടപ്പാക്കാം. ജനുവരി 22ന് രാവിലെ ഏഴു മണിക്ക് ഡൽഹി തിഹാർ ജയിലിൽ നാലുപ്രതികളെയും തൂക്കിലേറ്റണമെന്നാണ് ജനുവരി ഏഴിന് പാട്യാല അഡിഷണൽ സെഷൻസ് ജഡ്‌ജി ഉത്തരവിട്ടത്.