con1

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനും കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കുമെതിരെ ദേശീയ തലത്തിൽ സി.പി.എം അടക്കമുള്ള പ്രതിപക്ഷ കക്ഷികൾക്കൊപ്പം നിൽക്കുമെങ്കിലും, സംസ്ഥാനത്ത് കോൺഗ്രസ് ഒറ്റയ്ക്ക് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

ഇക്കാര്യത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിന് പാർട്ടി ഒറ്റക്കെട്ടായി പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംയുക്ത പ്രക്ഷോഭത്തെ എതിർത്തതിന്റെ പേരിൽ സി.പി.എം ആക്രമണം ഏറ്റുവാങ്ങിയ മുല്ലപ്പള്ളിക്ക് പിന്തുണ നൽകാതിരുന്നതിൽ ചെന്നിത്തലയെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചതായാണ് സൂചന. തനിക്ക് പാർട്ടിയിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് മുല്ലപ്പള്ളി സോണിയയോട് പരാതിപ്പെട്ടിരുന്നു.

പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് ചെന്നിത്തല പറഞ്ഞു. മുല്ലപ്പള്ളിയുടെ മതേതരത്വ നിലപാടിനെ ചോദ്യം ചെയ്യേണ്ടതില്ല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മുല്ലപ്പള്ളിയെ അധിക്ഷേപിച്ചത് അംഗീകരിക്കാനാകില്ല. സി.പി.എം രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. സി.പി.എമ്മുമായി ചേർന്ന് യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌തത് യു.ഡി.എഫാണ്. സർവ്വകക്ഷി യോഗം വിളിക്കാനും പ്രത്യേക നിയമസഭ ചേരാനും ആവശ്യപ്പെട്ടത് താനാണ്. പാളയത്ത് രക്തസാക്ഷി മണ്ഡപത്തിലെ പരിപാടി കഴിഞ്ഞ് സി.പി.എം ഏകപക്ഷീയമായി പിൻമാറുകയായിരുന്നു. തുടർന്ന് പ്രതിഷേധം സി.പി.എമ്മിന്റെയും സർക്കാരിന്റെയും നേട്ടമായി കൊട്ടിഘോഷിക്കുന്നു. നിയമസഭയെയും അംഗങ്ങളെയും അധിക്ഷേപിച്ച ഗവർണർക്കെതിരെ മുഖ്യമന്ത്റി ഒരക്ഷരം മിണ്ടിയില്ല. കോൺഗ്രസിന് പിണറായിയുടെ സൗജന്യം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. രമേശും ഉമ്മൻചാണ്ടിയും കൊള്ളാം, മുല്ലപ്പള്ളി കൊള്ളില്ലെന്ന സി.പി.എം പ്രചാരണം വിലപ്പോവില്ലെന്ന് ഉമ്മൻചാണ്ടിയും ചൂണ്ടിക്കാട്ടി.

മെഗാറാലിയിൽ

രാഹുൽ പങ്കെടുക്കും

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് ഫെബ്രുവരി 8ന് സംഘടിപ്പിക്കുന്ന മെഗാറാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ഈമാസം 18ന് കോഴിക്കോട്ട് നടത്തുന്ന വൻറാലിയിൽ മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ പങ്കെടുക്കും. ജനുവരി 30ന് രക്തസാക്ഷി ദിനത്തിൽ 14ജില്ലകളിലും മനുഷ്യ ഭൂപടമുണ്ടാക്കി പ്രതിഷേധിക്കും. ഡി.സി.സി അദ്ധ്യക്ഷൻമാരുടെ നേതൃത്വത്തിൽ പദയാത്രയും സംഘടിപ്പിക്കും.