supreme-court-


ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമം ഏകപക്ഷീയവും വിവേചനപരവും യുക്തിരഹിതവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ സുപ്രീം കോടതിയിൽ അന്യായം ഫയൽ ചെയ്തു. ആദ്യമായാണ് ഒരു സംസ്ഥാനം ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്.

ഭരണഘടനയുടെ 256-ാം അനുച്ഛേദ പ്രകാരം കേന്ദ്ര നിയമം നടപ്പിലാക്കേണ്ടതാണെങ്കിലും ഭരണഘടനാവിരുദ്ധ നിയമം നടപ്പിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

കേന്ദ്ര നിയമ മന്ത്രാലയത്തെ എതിർ കക്ഷിയാക്കി സംസ്ഥാന ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയാണ് ഹർജി നൽകിയത്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൗരത്വഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ ജനുവരി 22നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

കേരളത്തിന്റെ ആവശ്യം

1. പൗരത്വഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും ആർട്ടിക്കിൾ 14, 21, 25 എന്നിവയുടെ ലംഘനവും ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തിന് വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണം

2. 2015ലെയും 16ലെയും പാസ്‌പോർട്ട് (എൻട്രി ടു ഇന്ത്യ) ഭേദഗതി ചട്ടം, ഫോറിനേഴ്‌സ് (ഭേദഗതി) ഉത്തരവ് എന്നിവ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണം

വാദങ്ങൾ

1. മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നത്‌ മതേതര തത്വങ്ങൾക്ക് എതിരും ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണ്.

2. പൗരത്വം നൽകാനായി പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ മാത്രം തിരഞ്ഞെടുത്തത് യുക്തിരഹിതം.


3. ഇന്ത്യയുടെ അയൽരാജ്യങ്ങളും അതിർത്തികടന്നുള്ള കുടിയേറ്റം നടക്കുന്നതുമായ മ്യാൻമർ, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ എന്നിവയെ ഒഴിവാക്കിയത് യുക്തിരഹിതം.


4. പാകിസ്ഥാനിൽ അഹമ്മദിയകളും ഷിയാ വിഭാക്കാരും ബംഗ്ലാദേശിൽ അഹമ്മദിയകളും അഫ്ഗാനിസ്ഥാനിൽ ഹസാര വിഭാഗവും മതപീഡനമേൽക്കുന്നു. മത പീഡനമേൽക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് നിയമമെങ്കിൽ ഈ വിഭാഗങ്ങൾക്കും പരിരക്ഷയ്ക്ക് അവകാശമുണ്ട്.


5. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കളെ ഉൾപ്പെടുത്തിയപ്പോൾ ശ്രീലങ്കയിലെ തമിഴർ ഉൾപ്പെടുന്ന ഹിന്ദുക്കളുടെ പ്രശ്‌നം പരിഗണിച്ചില്ല. ഈ മൂന്നു രാജ്യങ്ങളിലെയും ക്രിസ്ത്യാനികളെ പരിഗണിച്ചപ്പോൾ, ഭൂട്ടാനെയും ശ്രീലങ്കയെയും ഒഴിവാക്കി.