aravind-kejriwal

 ആംആദ്‌മി പാർട്ടി 70 അംഗ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻതൂക്കം നേടാൻ ലക്ഷ്യമിട്ട് ബി.ജെ.പിക്കും കോൺഗ്രസിനും മുമ്പേ ആംആദ്‌മി പാർട്ടി 70 അംഗ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കം 46 സിറ്റിംഗ് എം.എൽ.എമാർ സ്വന്തം മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും. പട്ടികയിൽ 15 പുതുമുഖങ്ങളുണ്ട്.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ‌ട്പർഗഞ്ചിലും പാർട്ടി രാഷ്‌ട്രീയകാര്യ സമിതി അംഗം അതിഷി കൽക്കാജി സീറ്റിലും മത്സരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതിഷി ഈസ്‌റ്റ് ഡൽഹി മണ്ഡലത്തിൽ മത്സരിച്ച് തോറ്റിരുന്നു. കൽക്കാജിയിലെ സിറ്റിംഗ് എം.എൽ.എ അവതാർ സിംഗ് കൽക്കാജിക്ക് പകരമാണ് അതിഷി. 2015ൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദിയെ തറപറ്റിച്ച എസ്.കെ. ബഗ്ഗ സിറ്റിംഗ് സീറ്റായ കൃഷ്‌ണ നഗറിൽ ജനവിധി തേടും.

സിറ്റിംഗ് എൽ.എ.എമാരുടെ പ്രകടനത്തെ ആസ്‌പദമാക്കിയാണ് ടിക്കറ്റ് നൽകിയതെന്ന് പാർട്ടി പറയുന്നു. എം.എൽ.എമാരെക്കുറിച്ചുള്ള വോട്ടർമാരുടെ അഭിപ്രായം തേടുന്ന സർവേയും പാർട്ടി നടത്തി.

2015 ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റിന്റെ ഭൂരിപക്ഷവുമായാണ് അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആംആദ്‌മി പാർട്ടി ഡൽഹിയിൽ അധികാരത്തിലെത്തിയത്. 2013 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ 28 സീറ്റ് മാത്രം ലഭിച്ച ആംആദ്‌മി പാർട്ടി കോൺഗ്രസ് പിന്തുണയോടെ സർക്കാരുണ്ടാക്കിയെങ്കിലും 49 ദിവസത്തിനുള്ളിൽ രാജിവച്ചിരുന്നു. രാഷ്‌ട്രപതി ഭരണത്തിനു ശേഷം നടന്ന 2015ലെ തിരഞ്ഞെടുപ്പിലാണ് ആപ്പ് തിരികെ വന്നത്.

ആംആദ്‌മി പാർട്ടിയെ പുറത്താക്കി ഡൽഹിയിലെ പഴയ പ്രതാപം വീണ്ടെടുക്കാൻ ബി.ജെ.പിയും കോൺഗ്രസും അരയും തലയും മുറുക്കിയിറങ്ങുമ്പോൾ ശക്തമായ ത്രികോണ പോരാട്ടത്തിനാകും രാജ്യതലസ്ഥാനം വേദിയാകുക.