ന്യൂഡൽഹി:ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിലും കർണാടകയിലും നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കു നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. വാരാണസിയിൽ എട്ടുവയസുകാരൻ അടക്കം ഇരുപതിലധികം പേർ കൊല്ലപ്പെട്ടു. മുസാഫർനഗർ മദ്രസയിലെ വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയതും സ്വകാര്യ വസ്‌തുക്കൾ പൊലീസ് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായതും പരാതിയിൽ ചൂണ്ടിക്കാട്ടി.
മുസ്ലിംലീഗ് ദേശീയ അദ്ധ്യക്ഷൻ ഖാദർ മൊയ്തീൻ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, ദേശീയ ട്രഷറർ പി.വി അബ്ദുൾ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ, സെക്രട്ടറി സി.കെ സുബൈർ എന്നിവരാണ് പരാതി സമർപ്പിച്ചത്.