ജീവപര്യന്തം സ്റ്റേ ചെയ്യണമെന്ന് പേരറിവാളൻ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചന കേസ് അന്വേഷണത്തിൽ സി.ബി.ഐ സമർപ്പിച്ച തത്‌സ്ഥിതി റിപ്പോർട്ടിൽ സുപ്രീംകോടതിക്ക് അതൃപ്തി. സത്യം കണ്ടെത്തുന്നതിലുള്ള പുരോഗതി അറിയിക്കുന്നതിന് പകരം മുൻപ് സമർപ്പിച്ച റിപ്പോർട്ടിലെ കാര്യങ്ങൾ ആവർത്തിക്കുകയാണെന്ന് ജസ്റ്റിസ് എൽ. നാഗേശ്വരറാവു അദ്ധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
തുടർന്ന് കേസ് അരമണിക്കൂറോളം നിറുത്തിവച്ച കോടതി അഡിഷണൽ സോളിസിറ്റർ ജനറലിനെ വിളിച്ചുവരുത്തിയ ശേഷമാണ് വീണ്ടും കേസ് പരിഗണിച്ചത്.
ബോംബുണ്ടാക്കിയത് എവിടെ എന്നതടക്കമുള്ളവയിൽ സി.ബി.ഐയുടെ അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് രാജീവ് വധക്കേസ് പ്രതി പേരറിവാളിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
19ാം വയസിലാണ് പേരറിവാളൻ അറസ്റ്റിലായത്. ഇപ്പോൾ 45 വയസായി. 25 വർഷത്തിലധികമായി ജയിലിൽ. ഗൂഢാലോചനകേസിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ജീവപര്യന്തം തടവ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
സംശയിക്കുന്ന 21 പേരിൽ ബോംബ് നിർമ്മാണത്തെക്കുറിച്ച് അറിയാവുന്ന നിക്സണെ ചോദ്യം ചെയ്യാൻ പോലും സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. അവസാനകാലത്തെങ്കിലും ഏകമകനോടൊപ്പമിരിക്കാൻ അച്ഛനും അമ്മയും കാത്തിരിക്കുകയാണെന്നും പേരറിവാളന്റെ അഭിഭാഷകൻ പറഞ്ഞു.