jnu

ന്യൂഡൽഹി: ജെ.എൻ.യുവിൽ ക്യാമ്പസിൽ ജനുവരി 5ന് ആക്രമണം നടത്താൻ ആസൂത്രണം ചെയ്ത രണ്ട് വാട്സാപ്പ് ഗ്രൂപ്പുകളിലുള്ളവരുടെ ഫോണുകൾ ഉടൻ പിടിച്ചെടുക്കാൻ ഡൽഹി ഹൈക്കോടതി പൊലീസിനോടു നിർദ്ദേശിച്ചു. യൂണിറ്റി എഗൈൻസ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്സ് ഓഫ് ആർ.എസ്.എസ് എന്നീ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ഫോണുകളാണ് ഉടൻ പിടിച്ചെടുക്കേണ്ടത്. സാക്ഷികളെ എത്രയുംവേഗം വിളിച്ചുവരുത്തി മൊഴിയെടുക്കാനും ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളും അദ്ധ്യപകരും ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപകരായ അമീത് പരമേശ്വരൻ, അതുൽ സൂദ്, ശുക്ല വിനായക് സാവന്ത് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി.
സന്ദേശങ്ങളും ചിത്രങ്ങളും സംരക്ഷിക്കാനും വിവരം കൈമാറാനും ഗൂഗിളിനോടും വാട്സാപ്പിനോടും നിർദ്ദേശിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ എത്രയും വേഗം പൊലീസിന് കൈമാറാൻ ജെ.എൻ.യു രജിസ്ട്രാറിനും ക്യാമ്പസിനുള്ളിലെ എസ്.ബി.ഐ ബ്രാഞ്ചിനോടും കോടതി ആവശ്യപ്പെട്ടു.

വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവരുടെ ഇ മെയിൽ ഐഡി അടക്കം ലഭ്യമാക്കിയാൽ വിവരങ്ങൾ നൽകാമെന്ന് ഗൂഗിൾ കോടതിയിൽ അറിയിച്ചു. നിലവിൽ ശേഖരിക്കപ്പെട്ടവ സംരക്ഷിക്കുമെന്നും ഉറപ്പുനൽകി. പരസ്പ്പരം കൈമാറിയവർക്കുമാത്രമേ സന്ദേശങ്ങൾ ദൃശ്യമാകുവെന്നും തങ്ങൾക്ക് അവ നൽകാനാവില്ലെന്നും ഉപയോക്താവിന്റെ തിരിച്ചറിഞ്ഞിട്ടുള്ള അവസാന ഐപി അഡ്രസ് ലഭ്യമാക്കാൻ കഴിയുമെന്നും വാട്സാപ്പ് അറിയിച്ചു.