fastag-

ന്യൂഡൽഹി: ദേശീയപാതയിലെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നതിന് കേരളത്തിന് ഒരുമാസത്തെ ഇളവ് അനുവദിച്ചു. ഗതാഗതക്കുരുക്കും യാത്രക്കാരുടെ അസൗകര്യവും പരിഗണിച്ചാണ് ഉയർന്ന പണമിടപാട് നടക്കുന്ന തൃശൂർ പാലിയേക്കര, കൊച്ചി കുമ്പളം ഉൾപ്പെടെ രാജ്യത്തെ 65 ബൂത്തുകൾക്ക് കേന്ദ്രഗതാഗത മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചത്. ഇവിടെ 25 ശതമാനം ലൈനുകൾ ഫാസ്ടാഗിനൊപ്പം പണവും സ്വീകരിക്കാൻ സൗകര്യമുള്ള ഹൈബ്രിഡ് ലൈനാക്കാൻ ദേശീയപാത അതോറിട്ടിയോട് നിർദ്ദേശിച്ചു. വാളയാറിൽ ഇളവ് അനുവദിച്ചിട്ടില്ല.

അതേസമയം ഇന്നലെ മുതൽ മറ്റിടങ്ങളിൽ ഫാസ്ടാഗ് സംവിധാനം പൂർണമായി നടപ്പാക്കി. ഇവിടെ ഫാസ്ടാഗില്ലാത്ത വാഹനങ്ങൾക്ക് ടോളടയ്‌ക്കാൻ ഒരു കൗണ്ടറേ ഉണ്ടാകൂ.

കഴിഞ്ഞവർഷം ഡിസംബർ ഒന്നു മുതൽ ഫാസ്ടാഗ് നിലവിൽ വരുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ ഫാസ്ടാഗുകളുടെ കുറവ് കാരണം ഡിസംബർ 15ലേക്കും പിന്നീട് ജനുവരി 15ലേക്കും മാറ്റുകയായിരുന്നു.

 പാലിയേക്കര കുരുങ്ങി

ഫാസ്ടാഗ് നിബന്ധമാക്കിയ ആദ്യദിവസം പാലിയേക്കരയിൽ രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകിട്ട് വരെ തുടർന്നു. ആംബുലൻസുകളും കുരുക്കിൽ പെട്ടു. ഇരുവശത്തും രണ്ട് വീതം ട്രാക്കുകൾ ഒഴികെയുള്ള മുഴുവൻ ട്രാക്കുകളിലും ഫാസ് ടാഗ് ഏർപ്പെടുത്തിയതോടെയാണ് കുരുക്ക് കൂടിയത്. വൈകിട്ട് നാലോടെ ഫാസ് ടാഗ് ട്രാക്കുകളുടെ എണ്ണം കുറച്ചതോടെയാണ് കുരുക്കിന് അല്പം ശമനമുണ്ടായത്. ഒരു മണിക്കൂറോളമാണ് വാഹനങ്ങൾ കാത്തുകിടന്നത്.

പാലിയേക്കരയിൽ ഇങ്ങനെ

 മൊത്തം ട്രാക്കുകൾ -6 (ഒരു വശത്തേക്ക്)​

 പ്രതിദിനം കടന്നുപോകുന്ന വാഹനങ്ങൾ -45,​000 (ശരാശരി)​

 ഫാസ് ടാഗ് എടുത്ത വാഹനങ്ങൾ -30 ശതമാനം

 എറണാകുളത്ത് 35%

എറണാകുളത്തെ കുമ്പളം, പൊന്നാരിമംഗലം ടോൾ പ്ളാസകളിൽ ഇന്നലെ 35 ശതമാനം വാഹനങ്ങളാണ് ഫാസ്ടാഗുപയോഗിച്ചത്. ഫാസ്ടാഗ് ട്രാക്കിലൂടെ വന്ന മറ്റ് വാഹനങ്ങൾക്ക് ഇരട്ടി ടോൾ ഈടാക്കി. ഇവിടെ കാര്യമായ ഗതാഗതക്കുരുക്ക് ഉണ്ടായില്ല.

വാളയാറിൽ 40%

വാളയാർ പാമ്പാപ്പള്ളം ടോൾ വഴി പ്രതിദിനം കടന്നുപോകുന്നത് 18,000 വാഹനങ്ങൾ. 40 ശതമാനം വാഹനങ്ങളിൽ മാത്രമാണ് ഫാസ്ടാഗ് ഉള്ളത്. ഇന്നലെ രാവിലെ മുതൽ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് വരുന്ന വാഹനങ്ങൾക്ക് പണം നൽകി യാത്രതുടരാനായി ഒരു ട്രാക്ക് കൂടി അനുവദിച്ചു.

ഫാസ്ടാഗ് കിട്ടാൻ

 തിരഞ്ഞെടുത്ത ബാങ്കുകളിൽ പണമടച്ച് വാങ്ങാം

 ആർ.സി ബുക്കും ഉടമയുടെ ഐ.ഡി പ്രൂഫും നൽകണം

 ദേശീയപാത അതോറ്റിട്ടിയുടെ ടോൾ പ്ലാസകൾ

 ആർ.ടി.ഓഫീസുകൾ, ട്രാൻസ്‌പോർട്ട് ഹബുകൾ

 തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ

 ഓൺലൈൻ റീചാർജിംഗ്

 അക്കൗണ്ടിന്റെ കാലാവധി അഞ്ചുവർഷം

കമന്റ്

'ടാഗ് ലഭിക്കാൻ ഏഴ് കൗണ്ടർ പാലിയേക്കരയിൽ തുറന്നിട്ടുണ്ട്. ടാഗിൽ ആവശ്യത്തിന് തുകയുണ്ടെന്ന് ഉടമകൾ ഉറപ്പുവരുത്തണം".

- എ.വി.സൂരജ്,

ദേശീയപാത പ്രൊജക്ട് സി.ഇ.ഒ