രാഷ്ട്രപതി ദയാഹർജി തള്ളി കുറഞ്ഞത് 14 ദിവസം
കഴിയാതെ വിധി നടപ്പാക്കാനാകില്ല
മരണ വാറണ്ടിന് സ്റ്റേയില്ല
ന്യൂഡൽഹി: നിർഭയ കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും.
പ്രതികളിലൊരാളായ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയതിനാൽ 22ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് ഡൽഹി സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിംഗ്, പവൻ ഗുപ്ത, അക്ഷയ്‌കുമാർ സിംഗ് എന്നിവരെ 22ന് രാവിലെ ഏഴിന് ഡൽഹി തിഹാർ ജയിലിൽ തൂക്കിലേറ്റണമെന്നാണ് കഴിഞ്ഞ ഏഴിന് പട്യാല കോടതി വിധിച്ചത്. ദയാഹർജി രാഷ്ട്രപതി തള്ളി കുറഞ്ഞത് 14 ദിവസം കഴിയാതെ വിധി നടപ്പാക്കാനാകില്ലെന്നാണ് ചട്ടം. ദയാ ഹർജിയിൽ രാഷ്ട്രപതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതിനാൽ ഒരു സാഹചര്യത്തിലും 22ന് ശിക്ഷ നടപ്പാക്കാനാകില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ഡൽഹി പൊലീസും സമാന നിലപാട് സ്വീകരിച്ചു.
ദയാഹർജി നൽകിയത് ചൂണ്ടിക്കാട്ടി മരണ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സെഷൻസ് കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മരണവാറണ്ട് പുറപ്പെടുവിച്ചത് യുക്തിസഹമാണ്. സെഷൻസ് കോടതി മരണവാറണ്ട് പുറപ്പെടുവിക്കും മുമ്പ് ഹർജിക്കാരൻ തിരുത്തൽ ഹർജിയോ ദയാഹർജിയോ നൽകിയിട്ടില്ല. ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി അഡിഷണൽ സെഷൻസ് കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനും നിർദ്ദേശിച്ചു.
അതിനിടെ മുകേഷ് സിംഗിന്റെ ദയാഹർജി തള്ളണമെന്ന ശുപാർശ ഡൽഹി സർക്കാർ ലെഫ്. ഗവർണർ അനിൽ ബൈജാലിന് കൈമാറി.
എത്രനാൾ വൈകും?
നിയമ സാദ്ധ്യതകളുപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് നീട്ടാനാണ് പ്രതികളുടെ ശ്രമം.
പ്രതികളുടെ ഹർജി വിധി വൈകിപ്പിക്കാനുള്ള തന്ത്രമാണെന്ന തോന്നലുണ്ടെന്ന് ഡൽഹി ഹൈക്കോടതി ഇന്നലെ വാക്കാൽ പറഞ്ഞിരുന്നു. കഴിഞ്ഞദിവസമാണ് മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്. മറ്റ് മൂന്നുപേർക്കും പ്രത്യേകം ദയാഹർജി നൽകാം. അങ്ങനെയെങ്കിൽ നാലുപേർക്കുമായി 56 ദിവസമെങ്കിലുമെടുക്കും.
മറണവാറണ്ടിന് സെഷൻസ് കോടതി സ്റ്റേ നൽകിയില്ലെങ്കിൽ വീണ്ടും സുപ്രീംകോടതി വരെ അപ്പീൽ നൽകാനുള്ള അവകാശവും പ്രതികൾക്കുണ്ട്.
പവൻ ഗുപ്ത, അക്ഷയ്‌കുമാർ സിംഗ് എന്നീ പ്രതികൾക്ക് തിരുത്തൽ ഹർജി നൽകാനും അവസരമുണ്ട്.
2014ലെ ഒരു കേസിലാണ് വധശിക്ഷ വിധിക്കപ്പെട്ട കുറ്റവാളികളുടെ കാര്യത്തിൽ സുപ്രീംകോടതി 14 ദിവസ മാനദണ്ഡം കൊണ്ടുവന്നത്.
14 ദിവസം യാക്കൂബ് മേമന് കിട്ടിയില്ല
1993 മുംബയ് സ്‌ഫോടനകേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയത് 14 ദിവസ മാനദണ്ഡം പാലിക്കാതെ. 2015ൽ രാഷ്ട്രപതി പ്രണബ് മുഖർജി ദയാഹർജി തള്ളിയതിന് പിന്നാലെ 14 ദിവസ മാനദണ്ഡം പാലിക്കണമെന്ന് ആവശ്യപ്പെട്ട് മേമൻ സുപ്രീംകോടതിയെ സമീപിച്ചു. അർദ്ധരാത്രി വാദം കേട്ട ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്ത് ആവശ്യം തള്ളി. ശേഷം മണിക്കൂറുകൾക്കുള്ളിൽ, ജൂലായ് 30ന് തൂക്കിലേറ്റി.