budget-
budget

ന്യൂഡൽഹി: പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനം ഈ 31മുതൽ ഏപ്രിൽ മൂന്നുവരെ നടക്കും. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാസീതാരാമൻ അവതരിപ്പിക്കും. ബഡ്‌ജറ്റിലെ ഡിമാൻഡ് ഗ്രാന്റുകളും മറ്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചേർന്ന് പരിശോധിക്കാൻ ഫെബ്രുവരി 11മുതൽ മാർച്ച് ഒന്നുവരെ സമ്മേളനത്തിന് ഇടവേളയുണ്ടാകും. രണ്ടിന് പുനഃരാരംഭിക്കുന്ന സമ്മേളനം ഏപ്രിൽ മൂന്നുവരെ നീളും.

ജനുവരി 31ന് രാഷ്‌ട്രപതി ഇരു സഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് നയപ്രഖ്യാപന പ്രസംഗം നടത്തും. രാവിലെ രാഷ്‌ട്രപതിയുടെ പ്രസംഗം കഴിഞ്ഞ് ഉച്ചയ്‌ക്കുശേഷം ചേരുന്ന സഭയിൽ സാമ്പത്തിക സർവേ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഒന്നാം മോദി സർക്കാർ മുതലാണ് ഫെബ്രുവരി 28ന് പകരം ഒന്നാം തിയതി സ്ഥിരം ബഡ്‌ജറ്റ് അവതരണ ദിനമായി പ്രഖ്യാപിച്ചത്. പതിവ് തെറ്റാതിരിക്കാൻ ശനിയാഴ്‌ച അവധിദിവസമാണെങ്കിലും ബഡ്‌ജറ്റ് അവതരണത്തിനായി സഭ സമ്മേളിക്കാനാണ് തീരുമാനം.