ന്യൂഡൽഹി: തർക്കങ്ങളും ആശയക്കുഴപ്പങ്ങളും തുടരുന്ന കെ.പി.സി.സി പുനഃസംഘടന ഒരു കരയ്ക്കെത്തിക്കാൻ ഹൈക്കമാൻഡ് നേതാക്കളുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും ഇന്നുമുതൽ രണ്ടാംവട്ട ചർച്ച തുടങ്ങും. ആദ്യ വട്ട ചർച്ചയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയ പട്ടിക ഇന്ന് ഹൈക്കമാൻഡിന് കൈമാറുമെന്നാണ് സൂചന.
വർക്കിംഗ് പ്രസിഡന്റുമാരുടെ കാര്യത്തിൽ ഒഴികെ ഒരാൾക്ക് ഒറ്റപ്പദവി എന്ന തത്വം പാലിച്ച് ജനപ്രതിനിധികളെ ഒഴിവാക്കണമെന്ന കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളിയുടെ നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിച്ചേക്കുമെന്ന് സൂചനയുണ്ട്. എം.പിമാരായ കൊടിക്കുന്നിൽ സുരേഷിനെയും കെ. സുധാകരനെയും വർക്കിംഗ് പ്രസിഡന്റുമാരായി നിലനിറുത്താൻ ഹൈക്കമാൻഡിന് താത്പര്യമുണ്ട്. എം.പിയായിരിക്കെയാണ് കൊടിക്കുന്നിൽ സുരേഷിന് പദവി നൽകിയത്. ഹൈക്കമാൻഡ് താത്പര്യം മനസിലാക്കി വർക്കിംഗ് പ്രസിഡന്റുമാരുടെ കാര്യത്തിൽ മുല്ലപ്പള്ളി വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറായെന്ന് അറിയുന്നു. മറ്റുള്ളവരുടെ കാര്യത്തിൽ ഇരട്ടപ്പദവി അനുവദിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഇരട്ടപ്പദവി വേണ്ടെന്നുവച്ചാൽ കൂടുതൽ നേതാക്കൾക്ക് പട്ടികയിൽ അവസരം നൽകണമെന്ന് എ, ഐ ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ വന്നാൽ 50 പേരിൽ പട്ടിക ഒതുക്കാനാകില്ല. ജംബോ പട്ടികയെ എതിർക്കുന്ന മുല്ലപ്പള്ളിക്ക് ഹൈക്കമാൻഡിൽ രാഹുൽ ഗാന്ധിയുടെ പിന്തുണയുണ്ടെങ്കിലും ഗ്രൂപ്പുകളുടെ ആവശ്യം നിരാകരിക്കുക എളുപ്പമല്ല. ഡൽഹിയിലുള്ള മുല്ലപ്പള്ളി ഹൈക്കമാൻഡുമായി ഇക്കാര്യങ്ങളിൽ ആശയവിനിമയം നടത്തി പുതിയ പട്ടിക തയ്യാറാക്കി ഇന്നു കൈമാറും. മഹാരാഷ്ട്രയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം ഡൽഹിയിലെത്തുന്ന രമേശ് ചെന്നിത്തലയ്‌ക്കൊപ്പം കേരളത്തിൽ നിന്ന് മടങ്ങിയെത്തുന്ന ഉമ്മൻചാണ്ടിയും ഇന്നത്തെ ചർച്ചകളിൽ പങ്കുചേരും.