chandrashekhar-azad

ന്യൂഡൽഹി: ഡൽഹി ജുമാമസ്ജിദിന് സമീപം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഉപാധികളോടെ ജാമ്യം.

ഒരുമാസത്തേക്ക് ഡൽഹിയിൽ പ്രവേശിക്കരുത്, പ്രതിഷേധിക്കരുത് തുടങ്ങിയ ഉപാധിയോടെയാണ് തിസ് ഹസാരി കോടതി അഡിഷണൽ സെഷൻസ് ജഡ്ജ് കാമിനി ലാവു ജാമ്യം അനുവദിച്ചത്.

'ആസാദ്, സ്വദേശമായ യു.പിയിലെ സഹരൻപുരിൽ തങ്ങണം. ഇത് പ്രത്യേക സാഹചര്യമാണ്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ല. ധർണ നടത്താനുള്ള പദ്ധതി ഒരു മാസത്തേക്ക് വേണ്ട' - ജഡ്ജ് പറഞ്ഞു.
ജയിൽ മോചതിനായശേഷം ജുമാമസ്ജിദിലും ഗുരു രവിദാസ് ക്ഷേത്രത്തിലും ജോർ ഭാഗിലും പ്രാർത്ഥിക്കാൻ അനുവദിക്കണമെന്ന ആസാദിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഒരു ദിവസത്തെ സമയം അനുവദിച്ചു.

യു.പിയിൽ ആസാദിന് സുരക്ഷാ ഭീഷണിയുണ്ടെന്നും ഡൽഹിയിൽ തുടരാൻ അനുവദിക്കണമെന്നും അഭിഭാഷകൻ പറഞ്ഞെങ്കിലും അനുവദിച്ചില്ല. എല്ലാ ശനിയാഴ്ചയും സഹരൻപുർ പൊലീസ് സ്റ്റേഷനിൽ ഒപ്പിടണം. 25, 000 രൂപയുടെ ബോണ്ടും കെട്ടിവയ്ക്കണം. എയിംസിൽ ചികിത്സയ്ക്ക് പോകണമെങ്കിൽ ഡി.സി.പിയെ അറിയിക്കണം. ഡി.സി.പി സുരക്ഷ ഒരുക്കും.

 പ്രതിഷേധിക്കാം, ബുദ്ധിമുട്ടിക്കരുത്

കഴിഞ്ഞ ദിവസം ആസാദിന്റെ അറസ്റ്റിനെ ന്യായീകരിച്ച ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ച്, പ്രതിഷേധിക്കുന്നത് ഭരണഘടനാ അവകാശമാണെന്ന് പറഞ്ഞ ജഡ്ജ് കാമിനി ലാവു ഇന്നലെ നിലപാട് മയപ്പെടുത്തി.

ആസാദിന്റെ ചില ട്വീറ്റുകൾ വായിക്കാൻ അഭിഭാഷകനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മോദിയെക്കുറിച്ചും മറ്റുമുള്ള ട്വീറ്റ് പ്രശ്നമാണെന്നും നമ്മുടെ സ്ഥാപനങ്ങൾ ബഹുമാനിക്കപ്പെടണമെന്നും അവർ പറഞ്ഞു.

ആർ.എസ്.എസുകാരാണ് അക്രമം നടത്തുന്നതെന്ന ട്വീറ്റ് വായിച്ചപ്പോൾ, എന്തിനാണ് ആർ.എസ്.എസിന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നായിരുന്നു ചോദ്യം. അത് പ്രകോപനകരമാണെന്നും ജഡ്ജി പറഞ്ഞു.

പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായാൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തവരാണ് ഉത്തരവാദികൾ. പ്രതിഷേധം കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും ജഡ്ജ് പറഞ്ഞു.