ന്യൂഡൽഹി: ബഹിരാകാശത്തേക്ക് ആദ്യമായി ആളെ അയയ്ക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് വൈമാനികർക്ക് ഈമാസം അവസാനം മുതൽ റഷ്യയിൽ പരിശീലനം തുടങ്ങുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. നാലുപേർക്ക് 11 മാസത്തെ പരിശീലനമാണ് റഷ്യയിൽ നൽകുക. വൈമാനികരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തില്ല. റഷ്യയിൽ നിന്ന് വന്ന ശേഷം നാലുപേർക്കും ഐ.എസ്.ആർ.ഒ രൂപകൽപ്പന ചെയ്ത ബഹിരാകാശ വാഹനത്തിൽ പരിശീലനം നൽകും. ഗഗൻയാൻ ദൗത്യത്തിന് 10,000 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.