ന്യൂഡൽഹി:കടുത്ത ശൈത്യത്തിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലമർന്ന ഡൽഹിയിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. കഴിഞ്ഞ തവണ ഒരത്ഭുത രാഷ്ട്രീയ നക്ഷത്രമായി ജ്വലിച്ചുയർന്ന് അധികാരം പിടിച്ച അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ഭരണം നിലനിറുത്താനാണ് ആംആദ്മി പാർട്ടി ഒരുങ്ങുന്നത്. 21 വർഷത്തെ അധികാര വരൾച്ച മാറ്റാൻ ബി.ജെ.പിയും അഞ്ചുവർഷത്തിന് ശേഷം അക്കൗണ്ട് തുറന്ന് തിരിച്ചുവരാൻ കോൺഗ്രസും കച്ചമുറുക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴുസീറ്റും പിടിച്ച മോദി തരംഗം ആവർത്തിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. സൗജന്യങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും അനുഗ്രഹിക്കുമെന്നാണ് ആംആദ്മിയുടെ വിശ്വാസം. കേജ്രിവാൾ തന്നെയാണ് നായകൻ. ബി.ജെ.പിയും കോൺഗ്രസും
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടിയിട്ടില്ല. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചും പ്രചാരണം സജീവമാക്കിയും ആംആദ്മി മുന്നിലാണ്. നിലവിലെ സാഹചര്യങ്ങൾ ഇങ്ങനെ:
ആം ആദ്മി പാർട്ടി
വൈദ്യുതി, വെള്ളം, ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര
ആരോഗ്യ, വിദ്യാഭ്യാസ മുന്നേറ്റം
കേജ്രിവാൾ മുഖ്യമന്ത്രി സ്ഥാനാർത്ഥി
എല്ലാ മന്ത്രിമാരും മത്സരിക്കുന്നു
23 പുതിയ സ്ഥാനാർത്ഥികൾ
കൂറുമാറിയെത്തിയ 9 പേരിൽ 5 പേർക്ക് സീറ്റ്
സീറ്റ് നഷ്ടപ്പെട്ട എം.എൽ.എമാരുടെ വിമത ശബ്ദം
ഓട്ടോ തൊഴിലാളി യൂണിയന്റെ എതിർപ്പ്
ഓൺലൈൻ ടാക്സികളെ സഹായിച്ചെന്ന് വിമർശനം
2015ൽ ഒപ്പം നിന്ന യോഗേന്ദ്രയാദവ്, പ്രശാന്ത് ഭൂഷൺ തുടങ്ങിയ പ്രമുഖർ പിണങ്ങിപോയി
ബി.ജെ.പി
മുഖ്യമന്ത്രി മുഖമില്ല
2019ലെ 'മോദി സുനാമി' പ്രതീക്ഷ
മുഖ്യമന്ത്രി മോഹവുമായി സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തിവാരി എം. പിയും വിജയ് ഗോയൽ എം.പിയും
ഏഴ് ലോക്സഭാ സീറ്റും കൈയിലുള്ള ആത്മവിശ്വാസം
ആപ്പിനെതിരെ കുടിവെള്ള നിലവാരം, വായുമലിനീകരണം പ്രചാരണ വിഷയം
പൗരത്വ നിയമ പ്രതിഷേധവും ഉള്ളിവില വർദ്ധനയും തിരിച്ചടി
ജാർഖണ്ഡിലും മഹാരാഷ്ട്രയിലും അധികാര നഷ്ടം
സഖ്യകക്ഷികൾ തലവേദന. അകാലിദളിന് ആറും ഹരിയാനയിലെ ജെ.ജെ.പിക്ക് 12ഉം സീറ്റ് വേണം
40ലക്ഷം പേർക്ക് ഗുണകരമായി അനധികൃത കോളനികൾ നിയമവിധേയമാക്കി
കോൺഗ്രസ്
മൂന്നുതവണ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന്റെ വിയോഗം
മുതിർന്ന നേതാക്കളെല്ലാം മത്സരിക്കാൻ സോണിയയുടെ നിർദ്ദേശം
ലോക്സഭയിലേക്ക് തോറ്റ പി. സി. സി അദ്ധ്യക്ഷൻ സുഭാഷ് ചോപ്ര, മുൻ അദ്ധ്യക്ഷൻ അജയ് മാക്കൻ എന്നിവർ മത്സരിച്ചേക്കും.
കഴിഞ്ഞ തവണ ഒറ്റ സീറ്റും കിട്ടിയില്ല
കേന്ദ്ര,സംസ്ഥാന സർക്കാർ വിരുദ്ധ വോട്ടിൽ നോട്ടം
2015 ഫലം
....................
സീറ്റ് - 70
ആംആദ്മി - 67
ബി.ജെ.പി -3
കോൺഗ്രസ് - 0