ന്യൂഡൽഹി: ഒരാൾക്ക് ഒരു പദവി എന്ന തത്വം തത്‌ക്കാലം ഉപേക്ഷിച്ചും എല്ലാവരെയും തൃപ്‌തിപ്പെടുത്തിയും കെ.പി.സി.സി പുന:സംഘടന നടത്താൻ ധാരണയായതായി സൂചന. എ, ഐ ഗ്രൂപ്പുകൾക്കും ഗ്രൂപ്പില്ലാത്തവർക്കും പരിഗണന നൽകി 30 ജനറൽ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും അടക്കം 90ന് മുകളിൽ അംഗങ്ങളുള്ള പട്ടികയ്‌ക്ക് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നൽകുമെന്നും കേൾക്കുന്നു. ടി.എൻ. പ്രതാപൻ എം.പിയായ ഒഴിവിൽ തൃശൂർ ഡി.സി.സി അദ്ധ്യക്ഷനെയും ഒപ്പം പ്രഖ്യാപിക്കും.

ഒരു ദിവസത്തെ ഇടവേളയ്‌ക്കുശേഷം ഡൽഹിയിൽ തിരിച്ചെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പട്ടികയ്‌ക്ക് ഏകദേശ ധാരണയായത്. ഇരട്ടപ്പദവി വേണ്ടെന്നു വച്ചാൽ വർക്കിംഗ് പ്രസിഡന്റ് പദവി വഹിക്കുന്ന എംപിമാരായ കൊടിക്കുന്നിൽ സുരേഷിനും കെ. സുധാകരനും ഇളവു നൽകരുതെന്ന് ചർച്ചയിൽ ആവശ്യമുയർന്നു. അല്ലെങ്കിൽ അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ, വി.ഡി. സതീശൻ, എ.പി. അനിൽകുമാർ തുടങ്ങിയവർക്ക് അവസരം നൽകണമെന്നും എ, ഐ വിഭാഗങ്ങൾ വാദിച്ചു. അന്തിമ തീരുമാനം ഹൈക്കമ്മാൻഡിന് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും കേരളത്തിലേക്ക് മടങ്ങി. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ നടത്തിയ തുടർചർച്ചകളിൽ പട്ടികയ്‌ക്ക് ഏകദേശ രൂപമായെന്നാണ് സൂചന.

പ്രായം 40-50

40-50 പ്രായപരിധിയിലുള്ളവർക്ക് കൂടുതൽ അവസരം നൽകണമെന്ന ഹൈക്കമാൻഡ് നിർദ്ദേശവും പട്ടികയിൽ തിരുത്തലുകൾക്കിടയാക്കി. അതേസമയം 25നുള്ളിൽ ഒതുക്കാൻ ശ്രമിച്ച പട്ടിക നൂറിനോട് അടുക്കുന്നതിൽ ജംബോ പട്ടികയ്‌ക്കെതിരെ നിലകൊണ്ട മുല്ലപ്പള്ളി അസ്വസ്ഥനുമാണ്. പുന:സംഘടന നീളുന്നത് കേരളത്തിൽ ദോഷം ചെയ്യുമെന്നതിനാൽ ജംബോ കമ്മിറ്റിയായാലും കുഴപ്പമില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.