ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ നൽകിയ ഹർജിയെ എതിർത്ത് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ.
കേരളത്തിന്റെയോ കേരളീയരുടെയോ അവകാശങ്ങളെ പുതിയ നിയമം ബാധിക്കാത്തതിനാൽ കേന്ദ്രവും കേരളവും തമ്മിൽ ഒരു നിയമതർക്കവുമില്ല. അതിനാൽ ആർട്ടിക്കിൾ 131 പ്രകാരം, സംസ്ഥാനം നൽകിയ ഹർജി നിലനിൽക്കില്ല. ഗവർണറുമായി ആലോചിക്കാതെയാണ് ഇടതു സർക്കാർ ഹർജി സമർപ്പിച്ചത്.
2016ലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രം നിയമം പാസാക്കിയത് 2019 ലാണ്. അതിനാൽ നിയമം സംബന്ധിച്ച് സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായമല്ല ഹർജിയിലുള്ളത്. വൻതോതിൽ പൊതുപണം ചെലവഴിച്ചുള്ള നടപടിയിൽ മുഴുവൻ ചെലവും മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരിൽ നിന്ന് ഈടാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. സാമൂഹ്യപ്രവർത്തകൻ അജികുമാറും കുമ്മനത്തിനൊപ്പം അപേക്ഷ നൽകിയിട്ടുണ്ട്.